ത്രിവര്‍ണ്ണഹാരം ചാര്‍ത്തി അവര്‍ ഒന്നായി; കോണ്‍ഗ്രസ് ഓഫീസില്‍ പ്രണയസാഫല്യം

Jaihind News Bureau
Friday, August 23, 2019

കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഓഫീസ് സാക്ഷ്യം വഹിച്ചത് ഒരു പ്രണയ സാക്ഷാത്കാരത്തിനായിരുന്നു. ലോ കോളേജിന്റെ വരാന്തയില്‍ മൊട്ടിട്ട പ്രണയം ഒടുവില്‍ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് സഫലമായി. മതങ്ങള്‍ ഒന്നിനും തടസ്സമല്ലെന്ന് അടിവരയിട്ട് പറയുന്നതാണ് ഇവരുടെ വിവാഹമെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഒന്നടങ്കം പറയുന്നത്. പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഡ്വ. അലി അമ്പ്രുവും അഡ്വ. അശ്വതിയുമാണ് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വച്ച് വിവാഹിതരായത്.

ഇരുവരും ത്രിവര്‍ണ ഹാരം അണിയിച്ചാണ് ഒരുമിച്ചുള്ള ജീവിതത്തിലേയ്ക്ക് കടന്നത്. ഇരുവരും കെഎസ്യു നേതാക്കളും തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ത്ഥികളുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഷാന്ത് നല്ലൂക്കണ്ടിയാണ് അവരുടെ വിവാഹവാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വര്‍ഗീയ വാദികളുടെ നെഞ്ചുംകൂട് തകര്‍ത്ത് മതേതരത്വം വാഴട്ടെയെന്നാണ് നിഷാന്ത് കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വര്‍ഗീയ വാദികളുടെ നെഞ്ചുംകൂട് തകര്‍ത്ത് മതേതരത്വം വാഴട്ടെ പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ അഡ്വ.അലി അമ്പ്രുവും അഡ്വ:അശ്വതിയും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വച്ച് ത്രിവര്‍ണ്ണ ഹാരം ചാര്‍ത്തി വിവാഹിതരായി.ഇരുവരും കെ എസ് യു നേതാക്കളും ലോ കോളേജ് വിദ്യാര്‍ത്ഥികളുമായിരുന്നു. ലോ കോളേജിന്റെ വരാന്തയില്‍ മൊട്ടിട്ട പ്രണയത്തിന്റെ സാക്ഷാത്ക്കാരം.പ്രിയപ്പെട്ടവര്‍ക്ക് എല്ലാവിധ വിവാഹമംഗളാശംസകളും നേരുന്നു…