കിറ്റെക്സ് വിവാദത്തില്‍ കോണ്‍ഗ്രസിനു പങ്കില്ല ; സിപിഎമ്മും കിറ്റെക്സും തമ്മിലുള്ള പ്രശ്നമാണ് കാരണം ; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 13, 2021

തിരുവനന്തപുരം :  കിറ്റക്സ് കമ്പനി മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താനും കമ്പനി മാറ്റി സ്ഥാപിക്കുമെന്ന നിലപാടിലും കോൺഗ്രസ്സിന് യാതൊരു പങ്കുമില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമ്പനി തമിഴ് നാട്ടിലേക്ക് പറിച്ചു നടും എന്ന് കമ്പനിയുടമകൾ പറഞ്ഞപ്പോൾ മന്ത്രിയായിരുന്ന കെ.ബാബുവിനെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ചുമതലപ്പെടുത്തി. അദ്ദേഹം നിരവധി പ്രാവശ്യം ഇരുകൂട്ടരുമായും സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. അത്തരം ഒരു സമീപനം ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

കോൺഗ്രസ്സ് എം എൽ എ മാർ പരാതി നൽകിയത് കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ്. അതിൽ മലിനീകരണനിയന്ത്രണ ബോർഡ് പരിശോധന നടത്തിയതായി അറിവില്ല. കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സി പി എമ്മിന്റെ അറിവോടെയാണ്. എറണാകുളം ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനാണ് കമ്പനി മാനേജ്മെന്റ് ശ്രമിച്ചത്. ട്വന്റി ട്വന്റി ഇല്ലായിരുന്നുവെങ്കിൽ എൽഡിഎഫ് എറണാ കുളത്ത് നാണം കെട്ടുപോയേനെ എന്ന സി പി എം ജില്ലാ കമ്മറ്റിയുടെ വിശകലനം ഇത് ശരിവയ്ക്കുന്നു.

കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോൺഗ്രസ്സ് നിലപാട്. പിന്നീട് കിറ്റക്സ് മാനേജ്മെന്റും സിപിഎം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അത് കോൺഗ്രസ്സിന്റെ തലയിൽ ആരും കെട്ടിവയ്ക്കണ്ട. സർക്കാർ തീരുമാനിച്ചാൽ ഒറ്റ ദിവസം കൊണ്ട് തീരുന്ന പ്രശ്നം മാത്രമാണിത്. അദ്ദേഹം വ്യക്തമാക്കി.