പാര്‍ട്ടി പദവികളില്‍ 50% പിന്നാക്ക-ദളിത്-ന്യൂനപക്ഷങ്ങള്‍ക്കും വനിതകൾക്കും; ചിന്തന്‍ ശിവിറില്‍ ശുപാര്‍ശ ചെയ്ത് സാമൂഹ്യനീതി സമിതി

Jaihind Webdesk
Saturday, May 14, 2022

 

ഉദയ്പുര്‍: പാർട്ടി പദവികളിൽ 50 ശതമാനം പിന്നാക്ക ദളിത് ന്യൂനപക്ഷങ്ങള്‍ക്കും വനിതകൾക്കും നീക്കിവെക്കണമന്ന്  ചിന്തൻ ശിവിറിൽ സാമുഹ്യനീതി സമിതിയുടെ ശുപാർശ. ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെ മോദി സർക്കാർ പുർണ്ണമായി അവഗണിച്ചതായി സമിതി അഭിപ്രായപെട്ടു.

സാമൂഹികനീതിയുമായി ബന്ധപ്പെട്ടുള്ള ഓരോ വിഷയങ്ങളും വളരെ വിശദമായി തന്നെ സമിതി ചർച്ച ചെയ്തു. എല്ലാ അനിശ്ചിതത്വങ്ങളും നീക്കി ശക്തിയോടെ പാർട്ടിയെ ഊർജസ്വലമാക്കും. വീടുവീടാന്തരം കയറി ജനങ്ങളുടെ വിശ്വാസം നേടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സമിതി കൺവീനർ സൽമാൻ ഖുർഷിദ് പറഞ്ഞു. പാർട്ടി പദവികളിൽ 50 ശതമാനം ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾക്ക് നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതകളെയും പരിഗണിക്കണം.

സർക്കാർ തലത്തിൽ തൊഴിലവസരങ്ങൾ കുറഞ്ഞതിനാൽ സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്തു. വനിതാബിൽ പാസാക്കണമെന്നും സാമൂഹികനീതി സമിതി ശുപാർശ ചെയ്തു. സമത്വത്തിനും സാമൂഹ്യനീതിക്കും ഓരോ പൗരനും അകാശമുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. ഭിന്നലിംഗക്കാരെയും ഭിന്നശേഷിക്കാരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഗഹനമായ ചിന്തയാണ് കോൺഗ്രസിന്‍റെ നവസങ്കൽപ്പ് ചിന്തൻ ശിവിറിൽ നടന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൂട്ടിക്കൊണ്ട് മുന്നോട്ടുപോകുമെന്നും സമിതി അംഗമായ കുമാരി ശെൽജ പറഞ്ഞു.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലുള്ളവരുടെ വിശ്വാസം നേടിയെടുക്കാൻ എന്ത് നയങ്ങൾ വേണമെന്ന് പാർട്ടി ചർച്ച ചെയ്തിട്ടുണ്ടെന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി. ഇതിനായി കോൺഗ്രസ് അധ്യക്ഷ ഒരു സമിതി രൂപീകരിച്ചു.