കാർഷിക ബില്ലിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

Jaihind News Bureau
Thursday, September 24, 2020

ന്യൂഡല്‍ഹി : കാർഷിക ബില്ലിനെതിരായ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. പി.സി.സികളുടെ നേതൃത്വത്തില്‍ വാർത്താ സമ്മേളനങ്ങൾ നടത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുന്ന കർഷകർ ഇന്ന് മുതൽ ട്രെയിന്‍ തടയൽ സമരത്തിലേക്ക് കടക്കും. കർഷക പ്രതിഷേധങ്ങൾ ഡല്‍ഹിയിലേക്ക് എത്തുന്നതിനാൽ അതിർത്തിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കർഷക പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. പി.സി.സികളുടെ നേതൃത്വത്തില്‍ നടക്കുന്ന വാർത്താസമ്മേളനങ്ങളോടെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സർക്കാരിന്‍റെ തെറ്റായ നയങ്ങളെ തുറന്നുകാട്ടുകയും രാജ്യത്തെ സാഹചര്യം വിശദീകരിക്കുകയുമാണ് ലക്ഷ്യം. രാജ്ഭവന്‍ മാർച്ച്, കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നല്‍കല്‍ തുടങ്ങിയ പ്രതിഷേധങ്ങളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് നിശ്ചയിച്ചുണ്ട്.

ഇതിന് പുറമെ വിവിധ കർഷക സംഘടനകള്‍ ഇന്നുമുതല്‍ 26 വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ട്രെയിനുകള്‍ തടയാനാണ് നീക്കം. നാളെ ദേശീയ സംയുക്ത കർഷക സംഘടന ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ വലിയ തോതില്‍ സംഘടിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കർഷക മാർച്ചുകള്‍ തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസിന്‍റെ കർഷക മാർച്ച് ഡല്‍ഹിയിലേക്ക് എത്താതിരിക്കാന്‍ വന്‍ സന്നാഹമാണ് ഹരിയാനയിലും ഡല്‍ഹി അതിർത്തിയിലും ഒരുക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പാനിപ്പത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കർഷകരെ പൊലീസ് ഇന്നലെ ജലപീരങ്കി പ്രയോഗിച്ചാണ് തിരിച്ചയച്ചത്.