പ്രതിപക്ഷ പ്രതിഷേധം അടിച്ചമർത്താനാണ് കേന്ദ്ര സർക്കാര്‍ നീക്കമെന്ന് കോണ്‍ഗ്രസ് എം.പിമാര്‍

മഹാരാഷ്ട്രയിലെ രാഷ്ട്രീയസാഹചര്യം ഉയർത്തിക്കാട്ടി പ്രതിപക്ഷം പാർലമെന്‍റില്‍ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പിമാർ. പ്രതിപക്ഷ എം.പിമാരെ മാർഷല്‍മാരെ ഉപയോഗിച്ച് കയ്യേറ്റം ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. പ്രതിഷേധത്തിനിടെ സ്ത്രീ എന്ന പരിഗണന പോലും ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ് എം.പി കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ പ്ലക്കാർഡുകള്‍ നിരോധിക്കണം, ഞങ്ങളുടെ ബാനറുകള്‍ മാറ്റിവെക്കണം എന്ന് ആവശ്യപ്പെടുകയും ഞങ്ങളെ എല്ലാവരെയും കൈകാര്യം ചെയ്യുന്നതിന് സെക്യൂരിറ്റിക്കാരെ വെല്ലിനകത്തേക്ക് പറഞ്ഞയക്കുകയും ചെയ്ത വേദനാജനകമായ ഒരു സംഭവമാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു സ്ത്രീയാണ്, പാർലമെന്‍റ് മെംബർമാരാണ്, അവര് ഞങ്ങളെ കൈകാര്യം ചെയ്തിരിക്കുന്ന രീതി എന്നു തന്നെ പറയാം… ഇത് ഞങ്ങള്‍ക്ക് വലിയ വേദനയുണ്ടാക്കിയിട്ടുണ്ട്’ – രമ്യ ഹരിദാസ് എം.പി പറഞ്ഞു.

പ്രതിഷേധിക്കാനുള്ള അവകാശം അടിച്ചമർത്താനാണ് ശ്രമമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കെ സുധാകരന്‍ എം.പി പറഞ്ഞു.

‘ഇവിടെ ജനാധിപത്യമുണ്ടോ ? ഇത് ജനാധിപത്യ സംരക്ഷണത്തിന്‍റെ പോരാട്ടമാണ്… ജീവന്‍കൊടുത്തും ഞങ്ങളുണ്ട്… ജനാധിപത്യം സംരക്ഷിക്കാനായി ഏതറ്റം വരെയും കോണ്‍ഗ്രസും ഒപ്പം നില്‍ക്കുന്ന കക്ഷികളും പോകും’ – കെ സുധാകരന്‍ എം.പി വ്യക്തമാക്കി.

അമിത് ഷാ പറയുന്നതാണ് ഈ രാജ്യത്തെ നിയമം എങ്കിൽ അത് അംഗീകരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താനും പ്രതികരിച്ചു.

‘ഏകപക്ഷീയമാണ് ഈ നടപടി. ഇനി ആരെങ്കിലും ഇതിനെ ഏകകണ്ഠം എന്ന് വിളിച്ചാല്‍, അത് അമിത് ഷായുടെ കണ്ഠമാണ്. അമിത് ഷാ പറയുന്നതാണ് ഈ രാജ്യത്തെ നിയമം എങ്കില്‍ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാവില്ല’ – രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

Parliamentcongress MP
Comments (0)
Add Comment