പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ അടിതെറ്റി ബിജെപി

Jaihind News Bureau
Wednesday, February 17, 2021

 

പഞ്ചാബിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസിന്‍റെ മുന്നേറ്റം.  രാജ്പുര മുനിസിപ്പല്‍ കൗണ്‍സിലിലെ 31 സീറ്റുകളില്‍ 27 എണ്ണം കോണ്‍ഗ്രസ് നേടി. ബി.ജെ.പി രണ്ട് സീറ്റും അകാലിദളും എ.എ.പിയും ഓരോ സീറ്റിലും വിജയിച്ചു. കർഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഇതിലെ ഫലം നിർണായക സ്വാധീനം ചെലുത്തുന്നതാണ്. മിക്കയിടങ്ങളിലും കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തുന്നതാണ് കാണാനാകുന്നത്.

ദേരാബസി മുനിസിപ്പല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് എട്ടിടത്തു ജയിച്ചു. ദൊരാഹയില്‍ ആകെയുള്ള 15 സീറ്റില്‍ ഒമ്പതിടത്തും കോണ്‍ഗ്രസ് മുന്നിലാണ്. സമ്രാലയില്‍ ആകെയുള്ള  15 വാര്‍ഡില്‍ പത്തിടത്തും കോണ്‍ഗ്രസ് മുന്നേറ്റമാണ്. ഫിറോസ്പുരില്‍ 12 വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. സിരാക്പുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. ജണ്ഡ്യാലയില്‍ 10 സീറ്റും ലല്‍റുവില്‍ അഞ്ച് വാര്‍ഡുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. നംഗലില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് ബി.ജെ.പിയും ജയിച്ചു.

അമൃത്സര്‍ ജില്ലയില്‍ രയ്യ, ജണ്ഡ്യാല, അജ്‌നാല, രാംദാസ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു.  അമൃത്സര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജയിച്ചു. ശ്രീ അനന്ത്പുര്‍ സാഹിബില്‍ 13 വാര്‍ഡിലും സ്വതന്ത്രന്മാരാണ് ജയിച്ചത്. എഎപിക്കും അകാലിദളിനും ഒരു സീറ്റ് പോലും നേടാനായില്ല. കിര്‍താര്‍പുര്‍ സാഹിബില്‍ അകാലിദളിന് ഒരു സീറ്റാണ് ലഭിച്ചത്. പത്തിടത്ത് സ്വതന്ത്രന്മാര്‍ ജയിച്ചു. ഫസില്‍കയില്‍ കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ജയിച്ചു. ബി.ജെ.പി നാലിടത്തും എ.എ.പി രണ്ടിടത്തുമാണ് ജയിച്ചത്. അബോഹറില്‍ ആകെയുള്ള 50 വാര്‍ഡുകളില്‍ 49 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. മോഗയില്‍ കോണ്‍ഗ്രസ് 20 വാര്‍ഡുകള്‍ നേടിയപ്പോള്‍ അകാലിദള്‍ 15 ഇടത്തും ബി.ജെ.പി ഒരിടത്തും എ.എ.പി നാലിടത്തും ജയിച്ചു. പത്തിടത്ത് സ്വതന്ത്രന്മാര്‍ക്കാണ് ജയം.

എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര പഞ്ചായത്തുകളിലേക്കും  ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കൊവിഡ് കാരണമാണ് നീട്ടിവെച്ചത്. കോണ്‍ഗ്രസ്, അകാലിദള്‍, ബിജെപി, ആം ആദ്മി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ളത്. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് അകാലിദള്‍ എന്‍ഡിഎ വിട്ടശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 2015 ലെ തെരഞ്ഞെടുപ്പില്‍ അകാലിദളും ബി.ജെ.പിയും സഖ്യത്തിലാണ് മല്‍സരിച്ചത്. ജനവിധി കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷ നല്‍കുന്നതും അതേസമയം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുമാണ്.