ലോക്സഭയില്‍‍ കോണ്‍ഗ്രസിന് നൂറിന്‍റെ കരുത്ത്; മടങ്ങിയെത്തി വിശാല്‍ പാട്ടീല്‍

Jaihind Webdesk
Thursday, June 6, 2024

 

ന്യൂഡല്‍ഹി: ലോക്സഭയില്‍ 100 സീറ്റ് തികച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ സാംഗ്ലി പാർലമെന്‍റ് മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംപി വിശാൽ പാട്ടീൽ കോൺഗ്രസിലേക്ക് എത്തിയതോടെയാണ് ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗബലം സെഞ്ചുറി തികച്ചത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചാണ് വിശാൽ പട്ടീൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച കത്ത് നൽകിയത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായും വിശാല്‍ കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച വിശാല്‍ പാട്ടീൽ 1,00,053 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ കരുത്തനും രണ്ടു തവണ എംപിയുമായ സഞ്ജയ്കാക്ക പാട്ടീലിനെ മലർത്തിയടിച്ചാണ് വിശാല്‍ ലോക്സഭയിലേക്ക് എത്തുന്നത്.