
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് ലോക്ഭവന് മാര്‍ച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി) നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10 മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഡി.സി.സി ഭാരവാഹികളും മാര്‍ച്ചില്‍ അണിനിരക്കും.
പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചും സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിച്ചും സാധാരണക്കാരായ ഗ്രാമീണ തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ ലോക്ഭവന് മാര്‍ച്ച്.