സിദ്ദാർത്ഥിന്‍റെ ആത്മഹത്യ; പോലീസ് സ്വീകരിക്കുന്നത് തണുപ്പൻ സമീപനം, മാർച്ച് നാലിന് കെ.എസ്.യു പ്രതിഷേധ മാർച്ച്

Jaihind Webdesk
Wednesday, February 28, 2024

മാർച്ച് നാല് തിങ്കളാഴ്ച്ച കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച്. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ ആത്മഹത്യയിൽ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന തണുപ്പൻ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കുറ്റക്കാർക്ക് സംരക്ഷണ കവചം ഒരുക്കുന്ന എസ്.എഫ്.ഐ നേതൃത്വം കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പതിനൊന്നു വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവമായി ബന്ധപ്പെട്ട് പതിനൊന്ന് ദിവസം പിന്നിടുമ്പോഴാണ് ആറ് എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കാനെങ്കിലും തയാറായിട്ടുള്ളത്.

കെ.എസ്.യു സംസ്ഥാന പോലീസ് മേധാവിക്കും സിദ്ദാർത്ഥിന്‍റെ കുടുംബം ലോ ആന്‍ഡ് ഓർഡർ ചുമതലയുള്ള എഡിജിപിക്കും പരാതി നൽകിയിട്ടും കുറ്റക്കാർക്ക് തണലൊരുക്കുന്ന ആഭ്യന്തര വകുപ്പിന്‍റെ സമീപനത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പ്രതികൾ എസ്എഫ്ഐ നേതാക്കളാണെന്നും കണ്ടെത്താനാകുന്നില്ലെന്നും പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാനാണ് പോലീസ് ഇതുവരെ ശ്രമിച്ചത്.

എസ്എഫ്ഐ ഇടിമുറികളുടെ ഒടുവിലത്തെ രക്ത സാക്ഷിയാണ് സിദ്ദാർത്ഥ്. സിദ്ദാർത്ഥിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആവശ്യമാണ്. സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്‍റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം .

സിദ്ധാർത്ഥിന്‍റെ കുടുംബത്തെ സംസ്ഥാന പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കെ.എസ്.യു സംഘം സന്ദർശനം നടത്തി അവശ്യമായ പിന്തുണ നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന ബന്ധപ്പെട്ട അധികാരികളുടെ സമീപനത്തിനെതിരെ മാർച്ച് നാല് തിങ്കളാഴ്ച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്നും പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.