അതിർത്തിയിലെ സ്ഥിതിയും ചൈനയുമായുള്ള വന്‍ വ്യാപാരകമ്മിയും ചർച്ച ചെയ്യണം: ലോക്സഭയില്‍ നോട്ടീസ് നല്‍കി മനീഷ് തിവാരി

Jaihind Webdesk
Tuesday, August 6, 2024

Manish-Tewari

 

ന്യൂഡല്‍ഹി:  അതിർത്തിയിലെ സ്ഥിതിയും ചൈനയുമായുള്ള വൻ വ്യാപാര കമ്മിയും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മനീഷ് തിവാരി ലോക്സഭയില്‍ നോട്ടീസ് നല്‍കി. ഇന്ത്യ-ചൈന അതിർത്തിയിലെ നിലവിലെ സ്ഥിതിയും ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മിയും സംബന്ധിച്ച വിശദാംശങ്ങള്‍ സഭയെ അറിയിക്കാനും അതിർത്തി തർക്കം പരിഹരിക്കാനും ചൈനീസ് ആക്രമണങ്ങൾക്കെതിരെ ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകാനും മനീഷ് തിവാരി നോട്ടീസില്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

പാംഗോംഗ് തടാകത്തിന്‍റെ കരയില്‍ സൈനികനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ചൈന 400 മീറ്റർ നീളത്തില്‍ പാലം പണി പൂർത്തിയാക്കിയതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്‍റുകളിലേക്ക് ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രവേശനം ചൈനീസ് സൈന്യം തടഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, 2023-24 കാലയളവില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 85 ബില്യൺ ഡോളർ കവിഞ്ഞു. കയറ്റുമതി 16.65 ബില്യൺ ഡോളറും ഇറക്കുമതി 101.75 ബില്യൺ ഡോളറും. നോട്ടീസിൽ മനീഷ് തിവാരി ചൂണ്ടിക്കാട്ടി.