ലോക്സഭാ പോരാട്ടത്തിന് കോണ്‍ഗ്രസിന്‍റെ ‘പഞ്ചതന്ത്രം’; ന്യായ് പദ്ധതികളിലൂന്നി ജനക്ഷേമ പ്രകടനപത്രിക

Wednesday, March 20, 2024

 

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നത്. ന്യായ് ഉറപ്പുകളില്‍ ഊന്നിയുള്ളതാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെന്ന് നേതാക്കള്‍ അറിയിച്ചു. പ്രധാനമായും അഞ്ച് ന്യായ് പദ്ധതികളിലായി 25 ഉറപ്പുകളാണ് കോണ്‍ഗ്രസിന്‍റെ പത്രികയിലുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തകസമിതി കരട് പ്രകടന പത്രികയ്ക്ക് അന്തിമ അംഗീകാരം നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തി.  എല്ലാവർക്കും ന്യായമുറപ്പാക്കുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്‍റേതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

പ്രധാനമായും അഞ്ച് ന്യായ് പദ്ധതികളാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്. ഹിസ്സേദാരി (തുല്യത) ന്യായ്, കിസാന്‍ (കർഷക) ന്യായ്, ശ്രമിക് (തൊഴില്‍) ന്യായ്, യുവാക്കള്‍ക്കായ് യുവ ന്യായ്, സ്ത്രീകള്‍ക്കു വേണ്ടി നാരി ന്യായ് എന്നിങ്ങനെ സമസ്ത വിഭാഗങ്ങളെയും പരിഗണിക്കുന്നതാണ് പദ്ധതി. സമഗ്രവികസനം, എല്ലാ വിഭാഗങ്ങളുടെയും നീതി ഉറപ്പാക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ വ്യവസ്ഥാപിത ലക്ഷ്യം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്ന് ലഭിച്ച ഊർജ്ജം കോണ്‍ഗ്രസ് പാർട്ടി നിലനിർത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

ന്യായ് ഉറപ്പുകള്‍ക്ക് പുറമെ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും, അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമഭേദഗതി, ജമ്മു കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി തുടങ്ങിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്. പി. ചിദംബരം ചെയർമാനായ സമിതിയാണ് പത്രിക തയാറാക്കിയത്. എഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഡോ. ശ​ശി ത​രൂ​ർ, ആ​ന​ന്ദ് ശ​ർ​മ, ജ​യ്റാം ര​മേശ്, ടി.​എ​സ്. സിംഗ് ദിയോ, ജി​ഗ്നേ​ഷ് മേ​വാ​നി, ഇ​മ്രാ​ൻ പ്ര​താ​പ് ഗർഹി ഉള്‍പ്പെടെ 16 പേരടങ്ങുന്ന സമിതിയാണ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തിമ അംഗീകാരം നല്‍കുന്നതോടെ പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറങ്ങും.