കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി; രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയും ക്ഷേമവും ഉറപ്പാക്കും

Jaihind Webdesk
Friday, April 5, 2024

 

ന്യൂഡല്‍ഹി: ജനഹിതമറിഞ്ഞ ആവശ്യങ്ങളും പദ്ധതികളുമായി കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. നീതിയില്‍ ഊന്നിയുള്ളതാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ പത്രിക പ്രകാശനം ചെയ്തു. മോദി സർക്കാര്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുക തന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രകടനപത്രികാ കമ്മിറ്റി ചെയര്‍മാന്‍ പി. ചിദംബരം തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പത്രിക കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി നാളെ മഹാറാലി സംഘടിപ്പിക്കാനും തീരുമാനമായി.

അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി എന്നിവ കണ്ടെത്തുമെന്നും കോൺഗ്രസ് പ്രകടനപത്രികയില്‍ പറയുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിലേക്കു വര്‍ഷന്തോറും ഒരു ലക്ഷം രൂപ നല്‍കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. പട്ടികജാതി–പട്ടികവര്‍ഗ– ഒബിസി സംവരണം വര്‍ധിപ്പിക്കും, കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് നല്‍കും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്കു വര്‍ഷം ഒരു ലക്ഷം രൂപ എത്തിക്കുമെന്നും വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉറപ്പാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

ന്യായപത്രത്തെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക. കേന്ദ്ര സർക്കാർ തഴയുകയും അവഗണിക്കുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന 25 വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പത്ത് വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന പ്രകടനപത്രികയില്‍ രാജ്യത്തിന്‍റെ സമസ്തമേഖലകളിലെയും ക്ഷേമവും വികസനവുമാണ് ലക്ഷ്യമിടുന്നത്. തുല്യനീതി, യുവാക്കൾ, സ്ത്രീകൾ, കർഷകർ, ജോലിക്കാർ, ഭരണഘടനയുടെ സംരക്ഷണം, സാമ്പത്തികം, ഫെഡറലിസം, രാജ്യസുരക്ഷ, പരിസ്ഥിതി എന്നിങ്ങനെ പത്തുവിഭാഗങ്ങളിലായി എല്ലാ മേഖലകളെയും ആഴത്തില്‍ സ്പർശിക്കുന്നതാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്ന പ്രകടന പത്രിക.

നേരത്തെ അഞ്ചിന ന്യായ് പദ്ധതിയെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് തങ്ങളുടെ ഗ്യാരന്‍റി കാർഡുകള്‍ പുറത്തിറക്കിയിരുന്നു. അഞ്ച് ന്യായ് പദ്ധതികള്‍ക്ക് കീഴിലായി 25 ഉറപ്പുകളാണ് പ്രധാനമായും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. പങ്കാളിത്തത്തിന്‍റെ നീതി, കർഷകർക്ക് നീതി, തൊഴിലാളികൾക്ക് നീതി, യുവാക്കൾക്ക് നീതി, സ്ത്രീകൾക്ക് നീതി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങള്‍ക്ക് കീഴിലാണ് കോണ്‍ഗ്രസ് 25 ഉറപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്.

കോൺഗ്രസിന്‍റെ ‘ന്യായപത്രം’ ഇങ്ങനെ:

• UPA സർക്കാർ 2004-ൽ നിർത്തലാക്കിയ പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കും
• കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി

• കർഷക ന്യായ്

– എം.എസ് സ്വാമിനാഥൻ സമവാക്യപ്രകാരം കുറഞ്ഞ തറവില നിയമവിധേയമാക്കും
– കർഷകർക്കായി വായ്പ എഴുതിത്തള്ളൽ സ്ഥിരം കമ്മീഷൻ
– വിള നഷ്ടത്തിന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം
– കർഷക ഗുണത്തിനായി സ്ഥിര കയറ്റുമതി-ഇറക്കുമതി നയം
– കാർഷിക മേഖലയ്ക്ക് ജി.എസ്.ടി ഒഴിവാക്കും

• തൊഴിലാളി ന്യായ്

– സാർവത്രിക സൗജന്യചികിത്സ. രോഗനിർണയം, മരുന്ന്, ചികിത്സ, ശസ്ത്രക്രിയ, സ്വാന്തനചികിത്സ എന്നിവ
– തൊഴിലുറപ്പ് പദ്ധതിക്കാർക്കടക്കം 400 രൂപ കുറഞ്ഞ കൂലി
– നഗരമേഖലയിലും തൊഴിലുറപ്പ്
– അസംഘടിത മേഖലയിലുള്ളവർക്ക് ലൈഫ് ഇൻഷുറൻസും അപകട ഇൻഷുറൻസും
– പ്രധാന സർക്കാർ മേഖലയിൽ കരാർ നിയമം അവസാനിപ്പിക്കും

• സമത്വ ന്യായ്

– സാമൂഹിക- സാമ്പത്തിക ജാതി സെൻസസ്
– SC, ST, OBC സംവരണ പരിധി 50% എന്നത് ഒഴിവാക്കും
– ജനസംഖ്യാനുപാതികമായി SC-ST പ്രത്യേക ബജറ്റ്
– വനാവകാശ നഷ്ടപരിഹാരം ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും
– ഗിരിവർഗക്കാർ കൂടുതലുള്ള സ്ഥലങ്ങൾ ഗിരിവർഗമേഖലയായി വിജ്ഞാപനം ചെയ്യും

• യുവ ന്യായ്

– തൊഴിൽ കലണ്ടറിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം തൊഴിൽ
– വിദ്യാസമ്പന്നർക്കെല്ലാം വർഷം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡോടെ അപ്രന്റീസ്ഷിപ്പ്
– ഉദ്യോഗപരീക്ഷാ ചോദ്യപേപ്പർ തടയും
– ഗിഗ് വർക്കർമാർക്ക് സാമൂഹിക സുരക്ഷയും മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും
– യുവാക്കൾക്കായി 5000 കോടിയുടെ സ്റ്റാർട്ടപ്പ് ഫണ്ട്‌

• വനിതാ ന്യായ്

– ദരിദ്ര കുടുംബങ്ങളിലെ ഗൃഹനാഥയ്ക്ക് വർഷം ഒരു ലക്ഷം രൂപ അക്കൗണ്ടിൽ
– പുതിയ കേന്ദ്ര സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണം
– ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് കേന്ദ്ര ശമ്പളവിഹിതം ഇരട്ടിയാക്കും
– വർക്കിങ് വുമൺ ഹോസ്റ്റൽ ഇരട്ടിയാക്കും