ജയ്പൂരിനെ ജനസാഗരമാക്കി കോണ്‍ഗ്രസിന്‍റെ മഹാറാലി; മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി

Jaihind Webdesk
Sunday, December 12, 2021

 

ജയ്പൂർ : ജനദ്രോഹ നടപടികളിൽ കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതായാണ് രാജസ്ഥാനിലെ ജയ്പൂരില്‍ കോൺഗ്രസ് മഹാറാലി സമാപിച്ചത്. സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും ഒരേ വേദിയിൽ എത്തിയതോടെ ജയ്പൂരിലെ വിദ്യാനഗർ സ്റ്റേഡിയം ആവേശക്കടലായി മാറി. ജനലക്ഷങ്ങളാണ് റാലിയിൽ അണിനിരന്നത്.

രാജ്യം കണ്ട മഹാറാലിക്ക് തന്നെയാണ് ജയ്പൂർ സാക്ഷ്യം വഹിച്ചത്. വിലക്കയറ്റം അടക്കമുള്ള കേന്ദ്രത്തിന്‍റെ ജനദ്രോഹ നടപടിയിൽ വലയുന്ന ജനലക്ഷങ്ങളുടെ പ്രതിഷേധത്തിന്‍റെ നേർചിത്രമായി കോൺഗ്രസ് മഹാറാലി മാറി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നായി നേതാക്കളും പ്രവർത്തകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് റാലിയിൽ അണിനിരന്നത്. കോൺഗ്രസ് പ്രവർത്തകസമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും അടക്കമുള്ള നേതൃനിരയാണ് ആദ്യം വേദിയിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കൂടി വേദിയിലെത്തിയോടെ ആവേശം ഇരട്ടിച്ചു.

തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വേദിയിലേക്കെത്തി. ഇരുവരുടെയും സാന്നിധ്യം വിദ്യാനഗർ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. കേരളത്തിൽ നിന്ന് കെപിസിസി അധ്യക്ഷ്യൻ കെ സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കൾ മഹാറാലിയുടെ ഭാഗമായി. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി.