ന്യൂഡല്‍ഹി : കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് 6 മണിക്ക് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. നേമത്ത് ഉൾപ്പെടെ കരുത്തുറ്റ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളം തിരിച്ചു പിടിക്കാനാണ് നേതൃത്വം തയ്യാറെടുക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഇന്ന് വിരാമമാകും. ചർച്ചകൾക്കായി 4 ദിവസമായി ഡൽഹിയിൽ തുടരുന്ന നേതാക്കൾ, അന്തിമ ചർച്ച പൂർത്തിയാക്കി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കൈ മാറും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന ശേഷം അന്തിമ പട്ടികയ്ക്ക് രൂപം നൽകും. തുടർന്ന് പട്ടികാ പ്രഖ്യാപനം ഉണ്ടാകും.
മുഴുവൻ സ്ഥാനാർഥികളേയും ഒറ്റഘട്ടമായായിരിക്കും പ്രഖ്യാപിക്കുക. ശക്തരായ സ്ഥാനാർഥികളെ ഇറക്കിയാണ് കേരളം പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ഇതിനായി കരുത്തുറ്റ സ്ഥാനാർഥിയെ നേമത്ത് ഉൾപ്പെടെ മത്സരിപ്പിക്കും.
50 ശതമാനത്തിന് മുകളിൽ പുതുമുഖങ്ങളും വനിതകളും യുവാക്കളും അടങ്ങുന്നതാകും പട്ടിക. വിജയ സാധ്യത മാത്രമാണ് സ്ഥാനാർഥിത്വത്തിന് മാനദണ്ഡം.