ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിൽ കർണാടകയിലും ഡല്‍ഹിയിലും വ്യാപക പ്രതിഷേധം. ബംഗളുരു-മൈസൂരു പാത കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കർണാടകത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

ഇന്നലെ രാത്രിയാണ് ഡി.കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഡൽഹിയിൽ അറസ്റ്റ് ചെയ്തത്. അനധികൃത സ്വത്തുസമ്പാദനം ആരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഡല്‍ഹിയിലും കർണാടകയിലും അരങ്ങേറിയത്. ശിവകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകവെ എൻഫോഴ്‌സ്‌മെൻറ് വാഹനത്തിന് ചുറ്റും കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. പ്രവർത്തകർക്കിടയിലൂടെ ബലം പ്രയോഗിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ ശിവകുമാറിനെ വാഹനത്തിൽ കയറ്റി. ഇ.ഡിക്കെതിരെ പ്രതിഷേധം ശക്തമായപ്പോൾ പ്രവർത്തകരെ ശാന്തരാക്കാൻ ഉദ്യോഗസ്ഥകർ ഡി.കെ ശിവകുമാറിന്‍റെ സഹായം തേടി. തുടർന്ന് കാറിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ശാന്തരാകാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ ഡല്‍ഹി ആർ.എം.എൽ ആശുപത്രിക്ക് പുറത്ത് പ്രിയ നേതാവിന്‍റെ അറസ്റ്റില്‍ മനംനൊന്ത് വിലപിച്ച പ്രവർത്തകനെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കി.

കർണാടകത്തിലും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ബംഗളുരു-മൈസൂരു പാത കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഇന്ന് കർണാടകത്തിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. ശിവകുമാറിന്‍റെ നാടായ കനകപുരയിൽ ബന്ദിനും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. നാലു ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പാർട്ടിയുടെ മുൻനിര നേതാക്കളെ ബി.ജെ.പി വേട്ടയാടുകയാണെന്നും കേസിനെ നിയമപരമായി തതന്നെ നേരിടുമെന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു. അധികാര ദുർവിനിയോഗമാണ് ബി.ജെ.പി നടത്തുന്നതെന്നും പ്രതിപക്ഷ നേതാക്കളാണ് അവരുടെ ലക്ഷ്യമെന്നും കോൺഗ്രസ് വ്യക്തമാക്കി.

D.K Shivakumar
Comments (0)
Add Comment