2019ലെ തെരഞ്ഞെടുപ്പിന്​ ശേഷം ബിജെപി അധികാരത്തിലെത്തില്ല : രാഹുൽ ഗാന്ധി

Jaihind Webdesk
Saturday, May 4, 2019

2019ലെ തെരഞ്ഞെടുപ്പിന്​ ശേഷം ബിജെപി അധികാരത്തിലെത്തില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. താനൊരു ഭാവി പ്രവചനക്കാരനല്ല. അതുകൊണ്ട്​ എത്​ മുന്നണി അധികാരത്തിലെത്തുമെന്ന്​ പറയാനാവില്ല. എന്നാല്‍ ബിജെപി അധികാരത്തിലെത്തില്ലെന്നും കോൺഗ്രസ്​ നേതൃത്വം നൽകുന്ന യു.പി.എ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച്​ പറയാൻ കഴിയുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

എന്നാൽ അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് അത്​ തീരുമാനിക്കേണ്ടത്​ രാജ്യത്തെ ജനങ്ങളാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി ഭരണഘടനയെ സംരക്ഷിക്കുകയാണ്​ തൻെറ മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കെത്തുന്നത് താനാണെന്ന് ഉറപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ബിജെപി വളരെയേറെ ക്ഷയിച്ചുകഴിഞ്ഞുവെന്നും തൊഴിലില്ലായ്​മ ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങളെ കുറിച്ച്​ മോദി സംസാരിക്കുന്നില്ലെന്നും രാഹുൽ വ്യക്​തമാക്കി. ജമ്മു കശ്​മീർ വിഷയത്തിൽ ബി.ജെ.പിക്ക്​ ഒരു നയവുമില്ലെന്നും കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ റദ്ദാക്കാനുള്ള നീക്കമാണ്​ മോദി നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കൃത്യമായ വിദേശനയവും മോദിക്ക്​ ഇല്ലെന്നും ഓരോ ദിവസവും അദ്ദേഹത്തിന്​ തോന്നുന്നത്​ പോലെയാണ്​ പെരുമാറുന്നതെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിൽ മോദി തകർന്നടിയുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി. അധികാരത്തിൽ വരുമോ എന്ന ചോദ്യത്തിന് ഉറപ്പായും വരും എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ഇപ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ നിരവധി പ്രധാന എതിരാളികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലാത്ത യുവജനങ്ങൾ, നരേന്ദ്രമോദിയുടെ പോളിസികൾ കാരണം തകർന്നടിഞ്ഞ കാർഷിക രംഗം. സർക്കാർ തകർത്തെറിഞ്ഞ സാമ്പത്തിക രംഗം എന്നിവയാണ് ഈ തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രധാന എതിരാളികളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

”മോദി ഇത്തവണ വിജയിക്കാൻ പോകുന്നില്ലെന്നും കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ ആയിരിക്കും അധികാരത്തിലേറാൻ പോകുന്നതെന്നും പ്രധാനമന്ത്രി താനാകും എന്നു പറയാൻ ആളല്ലെന്നും അതു തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ‘മോദിക്ക് കൃത്യമായ ഒരു വിദേശകാര്യനയം ഇല്ല. അദ്ദേഹത്തിനു തോന്നുന്നതു പോലെയാണ് ഓരോ ദിവസവും പെരുമാറുന്നത്. വിദേശനയമെന്നാൽ പറ്റാവുന്നത്ര ലോകനേതാക്കളെ കെട്ടിപ്പിടിക്കുക എന്നതാണെന്നാണ് മോദിയുടെ ധാരണ” രാഹുൽ കൂട്ടിച്ചേർത്തു.

എൻ.ഡി.എ സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം സാമ്പത്തിക രംഗം തകർന്ന് തരിപ്പണമായിരിക്കുകയാണ്. യു.പി.എകാലത്തുണ്ടായിരുന്ന സാമ്പത്തികോന്നമനം ഇന്ന് നശിച്ചിരിക്കുകയാണ്. മറ്റ് രണ്ടെണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റഫേൽ അഴിമതിയും മറ്റൊന്ന് ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയുള്ള കടന്നുകയറ്റുമാണെന്നും രാഹുൽ വ്യക്തമാക്കി.

ന്യായ് പദ്ധതിയാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. ഇതിനായി സാധാരണക്കാരിൽ നിന്നോ നികുതിയിലൂടെയോ അല്ല കണ്ടെത്തുന്നത്. രാജ്യത്തെ കബളിപ്പിച്ച് പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും സഹായത്തോടെ രാജ്യം വിട്ട ശതകോടീശൻമാരിൽ നിന്നായിരിക്കും എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇന്ത്യയിലെ യുവജനങ്ങൾ ഇന്ന് തൊഴിൽരഹിതരാണ് ഒരു ഭാവിസുരക്ഷിതത്വം അവർക്ക് സർക്കാർ കാണിച്ചുകൊടുക്കുന്നില്ല. അതൊരു വലിയ ദേശീയ വിഷയമാണ്. കാർഷിക രംഗത്തിന് പ്രാധാന്യം നൽകുമെന്ന് ഉറപ്പുകൊടുത്തു, പരാജയപ്പെട്ടു. ഇതൊക്കെയും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ. എന്തുകൊണ്ട് ഇതിനെക്കുറിച്ചൊന്നും മോദി പറയുന്നില്ല രാഹുൽഗാന്ധി ചോദിച്ചു.

ഇന്ത്യൻ സാമ്പത്തികരംഗത്തോട് മോദി ചെയ്തത് ബുദ്ധിശൂന്യതയാണ്. മുന്നോട്ടുകുതിക്കാതിരുന്ന സാമ്പത്തികരംഗത്തെ പെട്ടെന്ന് നോട്ട് നിരോധനത്തിലൂടെ തകർക്കുകയാണ് മോദി ചെയ്തത്. ഫേലിൽ 30000 കോടി രൂപ അനിൽ അംബാനിക്ക് നൽകിയെന്നത് വ്യക്തമാണ്. അതിനുവേണ്ടുന്ന തെളിവുകളൊക്കെ പുറത്തുവന്നിട്ടുമുണ്ട്. കാവൽക്കാരൻ കള്ളനാണ് എന്നതിൽ കുറഞ്ഞ മറ്റൊരുവാക്കുകൊണ്ടും ഈ അഴിമതിയെ വിശേഷിപ്പിക്കാൻ ആകില്ല. അതിനാൽ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രവാക്യം ആവർത്തിക്കുക ചെയ്യും. കോൺഗ്രസ് അധികാരത്തിലേറിയാൽ റഫേലിൽ വിശദമായ അന്വേഷണം നടത്തുമെന്നത് ഉറപ്പാണ്.