കര്‍ണാടകത്തില്‍ ബി.ജെ.പി സർക്കാരിന് അധികം ആയുസുണ്ടാവില്ല ; പോരാടാനുറച്ച് കോണ്‍ഗ്രസ്

കുതിരക്കച്ചവടത്തിലൂടെ കർണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനെ വീഴ്ത്തിയ ബി.ജെ.പി അധികനാള്‍ അധികാരത്തില്‍ തുടരില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എം.എല്‍.എമാർക്ക് കോണ്‍ഗ്രസ് നിർദേശം നല്‍കി . ഇതിന് പിന്നാലെ തങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കാനും എം.എല്‍.എമാരോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് എം.എല്‍.എമാരോട് പ്രവർത്തനം കൂടുതല്‍ ശക്തമാക്കാന്‍ നിർദേശം നല്‍കിയത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടുക,  മണ്ഡലത്തിലെ വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കുക, കര്‍ഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എം.എല്‍.എമാരോട് നേതാക്കള്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി സർക്കാർ അധികനാള്‍ തുടരാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന് പിന്നാലെയാണ് എം.എല്‍.എമാരോട് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാന്‍ നിർദേശം നല്‍കിയത്. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്തു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് ഈശ്വര്‍ ഭീമണ്ണ ഖാന്ദ്രെ, മുന്‍ ഉപമുഖ്യമന്ത്രി ഡോ. ജി പമേശ്വര, മുന്‍ മന്ത്രി ഡി.കെ ശിവകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നലെയായിരുന്നു യോഗം ചേര്‍ന്നത്.

അതേസമയം കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് ബി.ജെ.പിയില്‍ തര്‍ക്കം തുടരുകയാണ്. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും പറഞ്ഞയച്ച മാര്‍ഗമണ്ഡലിലേക്ക് യെദിയൂരപ്പയെയും പറഞ്ഞയക്കണമോ എന്ന ചിന്തയിലാണ് അമിത് ഷായും മോദിയും.

congressbjpkarnataka
Comments (0)
Add Comment