ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനായി യുഎസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റയെ പുതിയ മാര്‍പാപ്പയായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. പുതിയ മാര്‍പ്പാപ്പ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. അദ്ദേഹത്തിനും ആഗോള കത്തോലിക്കാ സഭയ്ക്കും ആശംസകള്‍ അര്‍പ്പിച്ചുക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സമാധാനം, സൗഹൃദം, സാഹോദര്യം, കാരുണ്യം, അന്തസ്സ് എന്നീ മാനുഷിക മൂല്യങ്ങളാല്‍ അദ്ദേഹത്തിന്റെ മാര്‍പ്പാപ്പ പദവി അടയാളപ്പെടുത്തട്ടെയെന്നും ഖാര്‍ഗെ പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരില്‍ ഞങ്ങളുടെ ഊഷ്മളമായ ആശംസകള്‍ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയുക്ത മാര്‍പ്പാപ്പ ലിയോ പതിനാലാമനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. മനുഷ്യരാശിക്ക് സമാധാനവും അനുകമ്പയും സേവനവും വളര്‍ത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിയട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള കത്തോലിക്ക സഭയ്ക്കും രാഹുല്‍ ഗാന്ധി ആശംസകള്‍ അറിയിച്ചു.