പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ സംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും. രാവിലെ പത്തരയോടെ അദ്ദേഹത്തിന്റെ മൃതദേഹം കലാഭവന്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.പന്ത്രണ്ടര മണിവരെയാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ യായ ഷാജി എന്‍ കരുണ്‍ തിങ്കഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഇദ്ദേഹം പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിരുന്നു.. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നിരവധി തവണ കരസ്ഥമാക്കിയിട്ടുണ്ട്. ആദ്യചിത്രമായ പിറവിക്ക് കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവല്ലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശമടക്കം നേടിയിരുന്നു.
ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു
സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.മലയാള സിനിമയെ ദേശീയ അന്തര്‍ദേശീയതലത്തില്‍ മേല്‍വിലാസം ഉണ്ടാക്കി തന്ന കലാകാരന്മാരില് ശ്രദ്ധേയനാണ് ഷാജി എന്‍ കരുണ്‍. വ്യത്യസ്തമായ ഫ്രെയിമുകളിലൂടെ ആസ്വാദകര്‍ക്ക് ദൃശ്യവിസ്മയത്തിന്റെ മനോഹര വിരുന്നൊരുക്കി അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്ക്കുന്നവയാണ്. അദ്ദേഹത്തിന്റെ നിര്യാണം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ കെ.സുധാകരന് എംപി അനുശോചിച്ചു
സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം പി അനുശോചിച്ചു.
കലാമൂല്യമുള്ള ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച അതുല്യനായ കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കെ.സുധാകരന് പറഞ്ഞു.
ഷാജി എന്‍. കരുണിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം
മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ അടയാളപ്പെടുത്തിയ പ്രതിഭയാണ് ഷാജി എന്‍ കരുണ്‍. ഛായാഗ്രാഹകനായും സംവിധായകനായും മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകളാണ് ഷാജി എന്‍. കരുണ്‍ നല്‍കിയത്.
ആദ്യമായി സംവിധാനം ചെയ്ത ‘പിറവി’ എന്ന ചിത്രം ഷാജി എന്‍. കരുണ്‍ എന്ന അസാമാന്യ മികവുള്ള കലാകാരന്റെ പിറവി കൂടിയായിരുന്നു. അത്രമേല്‍ പ്രതിഭാധനനായ ആ കലാകാരന് കാലാതിവര്‍ത്തിയായ സൃഷ്ടികളൊരുക്കി ലോകസിനിമയില്‍ സ്വന്തമായ ഒരു ഇരിപ്പിടമുണ്ടാക്കി.
വിഖ്യാത സംവിധായകന് അരവിന്ദന്റെ മനസറിഞ്ഞ ഛായാഗ്രാഹകനായിരുന്നു ഷാജി എന്‍. കരുണ്‍. സ്വന്തം നിലയില്‍ സംവിധാനം ചെയ്ത പിറവി, സ്വം , വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ കാന്‍ മേളയുടെ ഔദ്യോഗിക വിഭാഗത്തിലേക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഒരു അംഗീകാരം കിട്ടിയ ലോക സിനിമയിലെ അപൂര്‍വം സംവിധായകരില്‍ ഒരാളാണ് ഷാജി എന്‍. കരുണ്‍.
വാണിജ്യ താത്പര്യങ്ങള്‍ക്കപ്പുറം സിനിമയുടെ കലാമൂല്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. ഏഴ് വീതം ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ ഷാജി എന്‍. കരുണ്‍ എന്ന അസാമാന്യ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ, അസാധാരണമാം വിധം സിനിമയെ അടയാളപ്പെടുത്തിയ വിഖ്യാത കലാകാരന് വിട.
ഷാജി എന്‍ കരുണ്‍ അനുശോചനം – രമേശ് ചെന്നിത്തല
മലയാള സിനിമയെ ലോക സിനിമയില്‍ അടയാളപ്പെടുത്തിയ പ്രഗല്‍ഭരിലൊരാളെയാണ് ഷാജി എന്‍ കരുണിന്റെ നിര്യാണത്തോടെ നമുക്ക് നഷ്ടമായത് എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
ക്യാമറ കൊണ്ടും സംവിധാന മികവു കൊണ്ടും അദ്ദേഹം മലയാള സിനിമയില്‍ തന്റേതായ വഴി വെട്ടി.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങി ഛായാഗ്രാഹകനായി തുടക്കം കുറിച്ച അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. ആദ്യ ചിത്രമായ ‘പിറവി’യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു.
പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി.
‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്.
കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരം ലഭിച്ചിരുന്നു.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന് ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്മാന് ആയിരുന്നു.
ലോകസിനിമയില്‍ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ഷാജി.എന്‍. കരുണ്‍ വിടവാങ്ങുന്നത് എന്ന് ചെന്നിത്തല അനുസ്മരിച്ചു.
ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് അനുശോചിച്ചു
സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് അനുശോചിച്ചു.
സിനിമാരംഗത്ത് പ്രതിഭാധനനായ കലാകാരനായിരുന്നു ഷാജി എന്‍ കരുണ്‍. യൂണിവേഴ്സിറ്റി കോളേജ് കാലഘട്ടത്തില്‍ തുടങ്ങിയ സുഹൃത്ത് ബന്ധം നാളിതുവരെ കാത്തുസൂക്ഷിച്ചിരുന്നു. മലയാള സിനിമയെ ഉയര്‍ച്ചകളിലേക്ക് കൈപിടിച്ച് നയിച്ച ഷാജി എന്‍ കരുണിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും എംഎം ഹസന് പറഞ്ഞു.