സമൂഹത്തിനാകെ അത്മവിശ്വാസവും ആവേശവും നല്കുന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച സാമൂഹിക, സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി.റാബിയയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു.
രോഗങ്ങളോടും ജീവിതാവസ്ഥകളോടും പൊരുതുമ്പോഴും സഹജീവികള്‍ക്കു വേണ്ടി മാറ്റിവച്ചതായിരുന്നു റാബിയയുടെ ജീവിതം. രോഗാവസ്ഥയെ അവഗണിച്ചും സാക്ഷരതാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ റാബിയയുടെ മനക്കരുത്ത് അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസഹനീയമായ വേദനയ്ക്കിടയിലാണ് റാബിയ ‘നിശബ്ദ നൊമ്പരങ്ങള്‍’ എന്ന പുസ്തകം എഴുതിയത്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയും ഹൃദയസ്പര്‍ശിയാണ്. റാബിയയുടെ വിയോഗം കേരളത്തിന്റെയാകെ നഷ്ടമാണെന്നും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പദ്മശ്രീ കെവി റാബിയയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.
അക്ഷരങ്ങളെ വെളിച്ചമാക്കി അംഗപരിമിതിയെ മറികടന്ന റാബിയയുടെ നിര്യാണം സാക്ഷരതാ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
നിരക്ഷരതയോടു മാത്രമല്ല, തളര്‍ത്തിക്കളഞ്ഞ പോളിയോയോടും കാര്‍ന്നു തിന്ന അര്‍ബുദത്തോടും കൂടിയാണ് റാബിയ പൊരുതിയത്. വീല്‍ ചെയറിലെത്തി മുടങ്ങാതെ സാക്ഷരതാ ക്ളാസില്‍ പഠിപ്പിക്കാനെത്തുകയും സംസ്ഥാനത്തിന്റെ മുഴുവന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കും ആവേശമാവുകയും ചെയ്ത റാബിയയെ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. ഐക്യരാഷ്ട്ര സഭയുടേതടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. അവരുടെ ഓരോ ചുവടുവെപ്പിലും സഹജീവികള്‍ക്കായുള്ള കരുതല്‍ ഉണ്ടായിരുന്നു. ദൃഢനിശ്ചയം അനുകരണീയമായിരുന്നുവെന്നും അംഗപരിമിതി എന്നത് ഒരു പരിമിതിയേയല്ല എന്നു ലോകത്തിന് അവർ കാട്ടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരി കൂടിയായിരുന്നു. അവരുടെ ആത്മകഥ അംഗപരിമതരായ മനുഷ്യര്‍ക്കുള്ള പ്രചോദനം കൂടിയാണ്.
കെവി റാബിയയ്ക്ക് ആദരാഞ്ജലികള്‍.