ഡോ ശൂരനാട് രാജശേഖരന്‍റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു

Jaihind News Bureau
Friday, April 11, 2025

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. 75 വയസായിരുന്നു. പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവും കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റും വീക്ഷണം മാനേജിങ് എഡിറ്ററുമായിരുന്നു ഡോ ശൂരനാട് രാജശേഖരന്‍. അസുഖ ബാധിതനായി ചികില്‍സയില്‍ തുടരവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വൈകിട്ട് ചാത്തന്നൂരിലെ വീട്ടു വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് അനുശോചന യോഗവും നടക്കും.

ഇദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചനം അറിയിച്ചു. പാര്‍ട്ടിയുടെ നികത്താനാകാത്ത വിടവാണ് ഇദ്ദേഹത്തിന്‍റെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. നേതാക്കളുടെ അനുശോചന പ്രതികരണങ്ങള്‍ നോക്കാം.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ശൂരനാട് രാജശേഖരന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി അനുശോചിച്ചു:

മികച്ച സംഘാടകനും കറകളഞ്ഞ മതേതരവിശ്വാസിയുമായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഉത്തവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തിലും എഴുത്തിലും മികവ് കാട്ടി. ലാളിത്യത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തിന് വലിയ സുഹൃദ്‌വലയം സൃഷ്ടിച്ചു. സഹകരണ മേഖലയുടെ ഉന്നമനത്തിനായി നിരന്തരമായ ഇടപെടലുകള്‍ നടത്തിയ ശൂരനാട് രാജശേഖരന്‍ സഹകരണ പ്രസ്ഥാന രംഗത്ത് കോണ്‍ഗ്രസിന്‍റെ മുഖമായി മാറി. ശൂരനാടിന്‍റെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ശൂരനാട് രാജശേഖരന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഇന്നേദിവസം(ഏപ്രില്‍ 11) സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെയ്ക്കുന്നതോടൊപ്പം കൊല്ലം ജില്ലയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.
സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദവും മുഖവുമായിരുന്നു. അന്ത്യശ്വാസം വരെ കോണ്‍ഗ്രസ് ആശയങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിച്ച അദ്ദേഹം എന്നും ജനപക്ഷത്ത് നിന്ന നേതാവാണ്. വലിയ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃപാടവം കോണ്‍ഗ്രസിന് കരുത്തായിരുന്നു. എഴുത്തിന്റെയും വായനയുടെയും വഴിയിലൂടെ സഞ്ചരിച്ച ശൂരനാടിന് കോണ്‍ഗ്രസിന്റെ നിലപാടും ചരിത്രവും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു. അക്കാദമിക് തലത്തിലും മികച്ച നേട്ടം കൈവരിച്ച അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും ഒരു വിദ്യാര്‍ത്ഥിയുടേതായിരുന്നു. മികച്ച സംഘാടകനും സഹകാരിയും കൂടിയായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണം വ്യക്തിപരമായി തനിക്കും കോണ്‍ഗ്രസിനും കനത്ത നഷ്ടമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ അനുശോചന കുറിപ്പ്:

അടിമുടി കോണ്ഗ്രസുകാരനായിരുന്നു ഡോ. ശൂരനാട് രാജശേഖരന് പാര്ട്ടി ഒരു വികാരമായി കൊണ്ടു നടന്നയാള് പാര്ട്ടിയോടും നേതൃത്വത്തോടും അത്രമേല്കൂറ് പുലര്ത്തിയ നേതാവ്.
മികച്ച സംഘാടകന് സഹകാരി, എഴുത്തുകാരന് മാധ്യമ പ്രവര്ത്തകന് ഗവേഷകന് അങ്ങനെ വിവിധ മേഖലകളില് അദ്ദേഹം തന്‍റെ പേര് അടയാളപ്പെടുത്തി.
ഏത് വിഷമ ഘട്ടത്തില് നില്ക്കുമ്പോഴും ഏത് പ്രതിസന്ധിയെ നേരിടുമ്പോഴും അദ്ദേഹം മുഖത്തൊരു പുഞ്ചിരി സൂക്ഷിച്ചു. ആ ചിരി മാഞ്ഞു. ശൂരനാട് രാജശേഖരന് വിട.

കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും അനുശോചിച്ചു:

ശൂരനാട് രാജശേഖരന്‍ വിടവാങ്ങി!

പ്രിയ സഹപ്രവര്‍ത്തകനായിരുന്നു.
കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവും വീക്ഷണം മാനേജിങ് എഡിറ്ററുമായിരുന്നു.
കൊല്ലത്ത് കോണ്‍ഗ്രസിന്‍റെ അമരക്കാരിലൊരാള്‍.

മികച്ച പത്രപ്രവർത്തകർക്ക് കൊല്ലം പ്രസ് ക്ലബ് ഏർപ്പെടുത്തിയ രാമചന്ദ്രൻ സ്മാരക അവാർഡിന് അദ്ദേഹം അർഹനായിരുന്നു. ഈ ഇരുപത്തിമൂന്നാം തീയതി നടക്കാനിരിക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങാൻ ഇരിക്കെയാണ് അപ്രതീക്ഷിത അന്ത്യം. അവാർഡ് നൽകാൻ എന്നെ ക്ഷണിച്ചിരുന്നു.

പക്ഷേ വാങ്ങാൻ നിൽക്കാതെ രാജശേഖരൻ വിട വാങ്ങി.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ ശക്തനായ നേതാവിനെയാണ് രാജശേഖരന്‍റെ വിയോഗത്തിലൂടെ നഷ്ടമായത്.
ഞാന്‍ കെപിസിസി പ്രസിഡന്‍റായിരിക്കെ അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അന്ന് അദ്ദേഹം വലിയ പിന്തുണയാണ് നല്‍കിയത്. മലയാള ഭാഷയില്‍ അസാധാരണ അവഗാഹമുള്ള രാജശേഖരന്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തെ അന്ന് വീക്ഷണം ദിനപത്രത്തിന്‍റെ മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തേക്ക് ഞാന്‍ നിയോഗിച്ചത്. സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. വീക്ഷണത്തില്‍ തന്റെ പ്രതിവാര പംക്തിയിലൂടെ അദ്ദേഹം അതു പ്രകടിപ്പിച്ചിട്ടുമുണ്ട്.

സഹകരണ മേഖലയില്‍ അദ്ദേഹം വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ശാസ്താംകോട്ട സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ്  സ്ഥാനം തുടങ്ങി സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വരെയുള്ള പദവികളില്‍ അദ്ദേഹം തിളങ്ങി.

മികച്ച സംഘാടകനായിരുന്നു രാജശേഖരന്‍. അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്  ആയിരിക്കെ കേരളം ഏഷ്യന്‍ ഗെയിംസിലും ഒളിംപിക്‌സിലുമടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. പത്രപ്രവര്‍ത്തകന്‍, ഗവേഷകന്‍, മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം ലബ്ധപ്രതിഷ്ഠ നേടി.

അദ്ദേഹത്തിന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം തന്നെയാണ്.
അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു.

പ്രിയ രാജശേഖരന് എന്‍റെ ആദരാഞ്ജലികള്‍