മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു

Jaihind News Bureau
Tuesday, January 6, 2026

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികത്സയിലായിരുന്നു. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു. സാധാരണക്കാരെ ഉള്‍ക്കൊണ്ടും മനസിലാക്കിയും എപ്പോഴും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. കഠിനാധ്വാനിയായ രാഷ്ട്രീയനേതാവ് എന്നതിന് പുറമെ, ജനപ്രതിനിധി, ഭരണാധികാരി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡുകളും പാലങ്ങളും പണിയുന്നതില്‍ റിക്കാര്‍ഡ് വേഗം കൈവരിച്ചു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചു. മധ്യകേരളത്തില്‍ ലീഗിന്റെയും യുഡിഎഫിന്റെയും ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച വി.കെ ഇബ്രാഹിംകുഞ്ഞ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയായിരുന്നു. ദീര്‍ഘനാളത്തെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. നിയമസഭയിലും ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വി.കെ ഇബ്രാഹിംകുഞ്ഞുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച കാലഘട്ടം അനുസമരിച്ച വേണുഗോപാല്‍ മൂന്നുപതിറ്റാണ്ടു മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയവരില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന് നിര്‍ണ്ണായക പങ്കിനെ കുറിച്ചും ഓര്‍ത്തെടുത്തു. ഇബ്രാഹിം കുഞ്ഞിന്റെ വേര്‍പാട് യുഡിഎഫിനും മുസ്ലീം ലീഗിന് വലിയ നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വികെ ഇബ്രാഹിംകുഞ്ഞ് മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും പ്രമുഖനായ നേതാവും കഴിവുറ്റ മന്ത്രിയും ആയിരുന്നു. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് റോഡും പാലവും ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന രംഗത്ത് വലിയ മാറ്റങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കിയത്. മനുഷ്യ സ്നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു. വ്യക്തിപരമായി വലിയ സൗഹൃദം അദ്ദേഹവുമായി സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ  വേര്‍പാട് വലിയ നഷ്ടവും ദുഖഃവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗീന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാവും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രിയങ്കരനായ സഹപ്രവര്‍ത്തകനും ജ്യേഷ്ഠ സഹോദരനുമായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ്. മധ്യകേരളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവും ഐക്യജനാധിപത്യ മുന്നണിയുടെ ജില്ലയിലെ മുഖവുമായിരുന്നു ഇബ്രാഹിംകുഞ്ഞ്. പഴയ മട്ടാഞ്ചേരിയെയും ഇപ്പോഴത്തെ കളമശേരിയെയും നിരവധി തവണ പ്രതിനിധീകരിച്ച ജനകീയ എം.എല്‍.എ. സൗമ്യമായി ഇടപെടുകയും സ്‌നേഹ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും ഇഷ്ടപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍.

വ്യവസായ- പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല ലഭിച്ചപ്പോള്‍ മികച്ച മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മുസ്ലീംലീഗ് ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് ജില്ലയില്‍ ഐക്യജനാധിപത്യ മുന്നണിയെ ഊര്‍ജ്ജസ്വലതയോടെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹവുമുണ്ടായിരുന്നു. യു.ഡി.എഫ് കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായത്. സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

നല്ലൊരു സുഹൃത്തിനെയും സഹപ്രവര്‍ത്തകനെ യുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഒരേ മുന്നണിയുടെ നേതാക്കള്‍ എന്നതിനെ ക്കാളുപരി നല്ലൊരു സുഹൃത്തും, സഹോദരനുമായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ എന്നനിലയിലും, നിയമസഭാ സാമാജി കര്‍ എന്ന നിലയിലും വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ നാളുകള്‍ ഓര്‍മിക്കുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും ലീഗിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച നേതാവായിരുന്നുവെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ദീര്‍ഘകാലം കൊച്ചിയില്‍ നിന്ന് എംഎല്‍എയും മന്ത്രിയുമായി. കേരളത്തിന്റെ വികസന പ്രക്രിയയില്‍ വലിയ പങ്കുവഹിച്ചു. പ്രാക്ടിക്കല്‍ ആയിരുന്നു. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള വ്യക്തി. പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിലെ റോഡുകള്‍ നല്ല നിലയില്‍ പരാതി കൂടാതെ കൊണ്ടുനടന്ന് കഴിവ് പ്രകടിപ്പിച്ച മന്ത്രിയായിരുന്നു. പാര്‍ട്ടിക്ക് നല്‍കിയ സംഭാവന ചെറുതല്ല. ഉയര്‍ച്ചയും താഴ്ചയും വിമര്‍ശനങ്ങളെല്ലാം തന്റേതായ എളിമയിലൂടെ കൈകാര്യം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.