മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു

Jaihind Webdesk
Monday, October 3, 2022

 

തിരുവനന്തപുരം: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന പുനലൂർ മധു കെഎസ്‌യുവിന്‍റെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, ദേവസ്വം ബോർഡ് മുൻ അംഗം എന്നീ ചുമതലകൾ വഹിച്ചു. കെപിസിസി ഭാരവാഹിയുമായിരുന്നു.  1991 ലാണ് പുനലൂരിൽ നിന്നും അദ്ദേഹം നിയമസഭയിൽ എത്തിയത്. ഇടക്കാലത്ത് കൊല്ലം ഡിസിസിയുടെ താൽക്കാലിക അധ്യക്ഷനും ആയിട്ടുണ്ട്. ദേവസ്വം ബോർഡ് അംഗമായിരുന്ന അദ്ദേഹം മികവുറ്റ ട്രേഡ് യൂണിയൻ നേതാവുമായിരുന്നു.