കോണ്‍ഗ്രസ് നേതാവ് ജി.വി ഹരിക്ക് വധഭീഷണി ; കൊലവിളി ഫേസ്ബുക്കിലൂടെ

Jaihind News Bureau
Tuesday, September 1, 2020

 

കോൺഗ്രസ് നേതാവ് ഡോ. ജി.വി ഹരിക്ക് വധഭീഷണി. ഇന്നലെ സി.പി.എം പാർട്ടി ചാനലിലെ ചർച്ചയ്ക്ക് ശേഷമാണ് സുഭാഷ് മാധവൻ എന്ന വ്യക്തി കൈരളി ചാനലിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കൊലവിളി നടത്തിയത്. ജി.വി ഹരിയെ വെറുതേ വിടരുത് എന്നും കൊല്ലണം  എന്നുമായിരുന്നു ആഹ്വാനം. അസഭ്യ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു കൊലവിളി.

വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ഫേസ്ബുക്കില്‍ കൊലവിളി കമന്‍റുകള്‍ നിറഞ്ഞത്. കൊലപാതകത്തിന് രാഷ്ട്രീയ മാനം കൈവരിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും സി.പി.എം ആക്രമണം അവസാനിപ്പിക്കാന്‍ തയാറാകുന്നില്ല. അതേസമയം കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം  വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലും ആവശ്യപ്പെട്ടിട്ടുണ്ട്.