സുരക്ഷ പിന്‍വലിച്ചു; പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവിനെ അക്രമികള്‍ വെടിവച്ച് കൊന്നു

Jaihind Webdesk
Sunday, May 29, 2022

 

അമൃത്‌സർ:  പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവിനെ അക്രമികള്‍ വെടിവെച്ചുകൊന്നു. പഞ്ചാബ് സർക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസ് വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

പഞ്ചാബിലെ മാൻസ ജില്ലയിൽ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. മറ്റ് രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സിദ്ദുവും അദ്ദേഹത്തിന്‍റെ രണ്ട് സുഹൃത്തുക്കളും മാൻസയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സിദ്ദുവിന് നേരേ അക്രമികൾ 30 റൗണ്ട് വെടിയുതിർത്തതായാണ് ലഭിക്കുന്ന വിവരം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ചയാണ് സിദ്ദുവിന്‍റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചത്.

ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലില്‍ പ്രതികരിച്ചു.

”പഞ്ചാബിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും പ്രതിഭാധനനായ സംഗീതജ്ഞനുമായിരുന്ന സിദ്ദു മൂസ് വാലയുടെ കൊലപാതകം കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെയും മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ആരാധകർക്കും സുഹൃത്തുക്കൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം. വളരെയധികം ദുഃഖകരമായ ഈ സമയത്ത് ഞങ്ങൾ ഒറ്റക്കെട്ടായും നിർഭയവും നിലകൊള്ളുന്നു” – കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

2021 ഡിസംബറിലാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽനിന്ന് മത്സരിച്ചിരുന്നു.