പ്രൊഫഷണലുകളെ നേതൃത്തിലെത്തിക്കാനുള്ള പദ്ധതിയുമായി കോണ്‍ഗ്രസ് ; ഡോ. മന്‍മോഹന്‍ സിംഗ് ഫെല്ലോ പ്രോഗ്രാമില്‍ ചേരാന്‍ അവസരം

Jaihind News Bureau
Friday, April 4, 2025

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രൊഫഷണലുകളെ ക്ഷണിക്കുന്നു. രാഷ്ട്രീയ ജീവിതത്തില്‍ താത്പര്യമുള്ള പ്രൊഫഷണലുകളെ നേതൃത്തിലെത്തിക്കാനുള്ള പദ്ധതി പാര്‍ട്ടി പ്രഖ്യാപിച്ചു. ഡോ. മന്‍മോഹന്‍ സിംഗ് ഫെല്ലോസ് പ്രോഗ്രാം എന്ന രാഷ്ട്രീയ നേതൃത്വ ഇന്‍കുബേറ്റര്‍ പദ്ധതിയിലൂടെ കോണ്‍ഗ്രസിന്റെ പൊതുപ്രവര്‍ത്തന നേതൃപങ്കാളിയാകാം. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെ പരിപാടിയില്‍ ചേരാന്‍ സൗകര്യമുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ പദ്ധതിയുടെ വെബ്‌സൈറ്റ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് തികഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തിലേയ്ക്ക് മാറാനാഗ്രഹിക്കുന്നവരെയാണ് കോണ്‍ഗ്രസ് ക്ഷണിക്കുന്നത്. ജനാധിപത്യത്തെയും ജനകീയ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്താന്‍ ഒരു പുതിയ തലമുറ പ്രൊഫഷണല്‍ നേതാക്കളെ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പദ്ധതിയാണ് ഡോ. മന്‍മോഹന്‍ സിംഗ് ഫെല്ലോസ് പ്രോഗ്രാം . രാജ്യത്തിന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രൊഫഷണലുകള്‍ കോണ്‍ഗ്രസിന്റെ സംഭാവനകളാണ്. ഇതില്‍ അഭിഭാഷകര്‍, സാമ്പത്തിക വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാമുണ്ട്. സ്വാതന്ത്ര്യ സമരത്തിലും ഭരണഘടനാ രൂപീകരണത്തിലും നമ്മെ നയിച്ച നേതാക്കളായ മഹാത്മാഗാന്ധി, മോത്തിലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, ഡോ. ബി.ആര്‍. അംബേദ്കര്‍, ടി.ടി. കൃഷ്ണമാചാരി, സരോജിനി നായിഡു തുടങ്ങിയവരെല്ലാം തികഞ്ഞ പ്രൊഫഷണലുകള്‍ കൂടിയായിരുന്നു. ഈ മഹത്തായ പാരമ്പര്യം പിന്തുടര്‍ന്ന് ഡോ. മന്‍മോഹന്‍ സിംഗിനെപ്പോലുള്ള നേതാക്കളും മറ്റ് നിരവധി പ്രൊഫഷണലുകളും രാഷ്ട്രീയം ശരിയായ ദിശയില്‍ ശക്തിപ്പെടുത്തുന്നതിനും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ജനകീയ പ്രസ്ഥാനങ്ങളെ സജ്ജരാക്കി. ഇതാണ് അവരുടെ മഹത്തായ ജീവിതത്തിന്റെ സംഭാവന

ഡോ. മന്‍മോഹന്‍ സിംഗ് ഫെല്ലോസ് പ്രോഗ്രാം ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുകയാണ്. രാഷ്ട്രീയത്തില്‍ ഒരു യഥാര്‍ത്ഥ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷണിക്കുന്നു. 10 വര്‍ഷത്തെ പരിചയമുള്ള പ്രൊഫഷണലുകളെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുന്നത്. നേതാക്കളെ രൂപപ്പെടുത്താനുള്ള പ്രത്യേക പദ്ധതി ആയാണ് ഇതിന്റെ രൂപകല്‍പ്പന. ഒരു രാഷ്ട്രീയ നേതൃത്വ ഇന്‍കുബേറ്റര്‍ എന്നതിനെ വിളിക്കാം. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉന്നത സ്വാധീനമുള്ള ഒരു പാത അത് വാഗ്ദാനം ചെയ്യുന്നു. ഇതൊരു എന്‍ട്രി ലെവല്‍ ഇന്റേണ്‍ഷിപ്പല്ല, മറിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരമാണ്.

കുറഞ്ഞത് 10 വര്‍ഷത്തെ പരിചയമുള്ള മുതിര്‍ന്ന പ്രൊഫഷണലുകള്‍ക്ക് ഡോ. മന്‍മോഹന്‍ സിംഗ് ഫെല്ലോസ് പ്രോഗ്രാം വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. mmsfellows.profcongress.in എന്ന വെബ്‌സൈറ്റു വഴിയാണ് അപേക്ഷ അയയ്‌ക്കേണ്ടത്. തിരഞ്ഞെടുക്കുന്ന അമ്പതു പേര്‍ക്കായിരിക്കും അവസരം. ഒരു ഹ്രസ്വകാല, സമയബന്ധിതമായ പ്രോഗ്രാമിലൂടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള മെന്റര്‍ഷിപ്പ് ലഭിക്കും. ഒരു പ്രൊഫഷണലില്‍ നിന്ന് ഒരു രാഷ്ട്രീയക്കാരനായി മാറാനുള്ള ഒരു യഥാര്‍ത്ഥ അവസരമാണ് ഇത് ഒരുക്കുന്നത്. എന്നാല്‍ ഏതെങ്കിലും സ്റ്റൈപെന്‍ഡോ പ്രതിഫലമോ വാഗ്ദാനങ്ങളോ ഇതു നല്‍കുന്നില്ല