പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ ‘ലക്ഷ്യം’ റെഡി; 100 സീറ്റുകളുമായി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ്

Jaihind News Bureau
Sunday, January 4, 2026

തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വൻ വിജയം കൊയ്ത് അധികാരം തിരിച്ചുപിടിക്കാനുള്ള തന്ത്രപ്രധാനമായ നീക്കങ്ങളുമായി കോൺഗ്രസ് മുന്നോട്ട്. വയനാട്ടിൽ നടക്കുന്ന ദ്വിദിന ‘ലക്ഷ്യ’ നേതൃക്യാമ്പിന്റെ ഒന്നാം ദിവസം പൂർത്തിയാകുമ്പോൾ, യുഡിഎഫിന്റെ തിരിച്ചുവരവ് ഉറപ്പാണെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടിയും നേതാക്കളും. കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം ഒത്തുചേർന്ന ക്യാമ്പിൽ ഓരോ മണ്ഡലങ്ങളിലെയും സാഹചര്യം വിശദമായി അവലോകനം ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ 85 മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മേഖല തിരിച്ചുള്ള കണക്കുകളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം എന്നീ അഞ്ച് ജില്ലകളിൽ നിന്ന് മാത്രമായി 40 ലധികം സീറ്റുകൾ നേടാൻ കഴിയുമെന്നത് മുന്നണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വലിയ പിന്തുണ നിയമസഭയിലും പ്രതിഫലിക്കുമെന്നും, മികച്ച പ്രവർത്തനത്തിലൂടെ 100 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ കടക്കാൻ സാധിക്കുമെന്നും ക്യാമ്പ് വിലയിരുത്തുന്നു.

ജില്ലാ തിരിച്ചുള്ള കൃത്യമായ കണക്കുകൂട്ടലുകളിലൂടെ വിജയസാധ്യതയുള്ള മണ്ഡലങ്ങളെ പാർട്ടി നേരത്തെ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മലപ്പുറത്ത് 16 സീറ്റുകളും എറണാകുളത്ത് 12 സീറ്റുകളും കോഴിക്കോട് 8 സീറ്റുകളും ലക്ഷ്യമിട്ടുള്ള പടയൊരുക്കമാണ് നടക്കുന്നത്. അമിത ആത്മവിശ്വാസത്തിന് ഇടനൽകാതെ, ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഓരോ ബൂത്തിലും പ്രവർത്തനം സജീവമാക്കാനുള്ള നിർദ്ദേശമാണ് നേതൃത്വം നൽകുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റുന്നതിനൊപ്പം വികസന നയരേഖ കൂടി ജനങ്ങളിലെത്തിച്ച് അധികാരത്തിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം.

മലപ്പുറം-16

എറണാകുളം-12

കോഴിക്കോട്-8

തൃശ്ശൂർ-6

കൊല്ലം-6

പത്തനംതിട്ട-5

കോട്ടയം-5

പാലക്കാട്-5

തിരുവനന്തപുരം-4

ഇടുക്കി-4

ആലപ്പുഴ-4

കണ്ണൂർ-4

വയനാട്-3

കാസർഗോഡ്-3