ബംഗളുരു: കര്‍ണാടകത്തില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി കയ്യടി നേടിയത്. വാഗ്ദാനങ്ങള്‍ മണിക്കൂറുകള്‍ക്കകം നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമൊപ്പം ബംഗളുരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നിയമസഭയിലെത്തിയാണ് സിദ്ധരാമയ്യയും മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. അഞ്ച് ഉറപ്പുകള്‍ നിറവേറ്റുന്നതിന് 50,000 കോടി രൂപയോളമാണ് വേണ്ടിവരികയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗൃഹജ്യോതി പദ്ധതിയിലൂടെ എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി പദ്ധതിയിലൂടെ എല്ലാ വീടുകളിലേയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ, ‘അന്ന ഭാഗ്യ’യിലൂടെ എല്ലാ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും പത്ത് കിലോ സൗജന്യ അരി, യുവനിധി പദ്ധതിയിലൂടെ തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങള്‍ക്ക് രണ്ട് വര്‍ഷം പ്രതിമാസം 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് പ്രതിമാസം 1500 രൂപ, കൂടാതെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇവയാണ് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് സർക്കാർ നിറവേറ്റിയിരിക്കുന്നത്.