‘കോണ്‍ഗ്രസെന്നാല്‍ ജീവനാണ്’; വീട് തന്നെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി മാറ്റി നോബല്‍

Jaihind Webdesk
Saturday, September 17, 2022

 

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്വന്തം വീട് തന്നെ മാറ്റിവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ നോബല്‍ കുമാർ പാർട്ടിയോടുള്ള തന്‍റെ അഗാധമായ സ്നേഹം പ്രകടമാക്കിയത്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായ പി.എ നോബല്‍ കുമാറാണ് വീടിന്‍റെ ചുവരുകള്‍ നിറയെ യാത്രയുടെ ചിത്രങ്ങള്‍ കൊണ്ടും വിവരങ്ങള്‍ കൊണ്ടും നിറച്ച് ആകർഷകമാക്കിയത്.

 

 

സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയാണ് വീട് നിറയെ ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ കൊണ്ട് നിറച്ചത്. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും യാത്രയുടെ വിവരങ്ങളുമാണ് വീടിന്‍റെ ചുവരുകളില്‍ മുഴുവനും വരച്ചിരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും കോണ്‍ഗ്രസ് ആശയങ്ങള്‍ ‘ കൊണ്ട് വീട് ത്രിവര്‍ണ്ണമാക്കിയും നോബല്‍ കുമാർ പ്രചാരണം നടത്തിയിരുന്നു.

 

 

ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി വീട് തന്നെ പ്രചരണായുധമാക്കുമ്പോള്‍ തനിക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നോബല്‍ പറഞ്ഞു. കോണ്‍ഗ്രസ് തനിക്ക് ജീവനാണെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനുള്ള ആശയം പങ്കുവെക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും നോബല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കൊപ്പം നിന്ന് ചിത്രം എടുക്കണമെന്ന നോബലിന്‍റെ വലിയ ആഗ്രഹവും സാക്ഷാത്കരിക്കാനായി.