ഇന്ത്യ-ചൈന അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം : കോണ്‍ഗ്രസ്

Jaihind News Bureau
Monday, June 1, 2020

ഇന്ത്യ-ചൈന അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. കേന്ദ്ര സർക്കാരിന്‍റെ മൗനം അതിർത്തി ലംഘിക്കാൻ ചൈനീസ് സേനക്ക് പ്രചോദനമായി. നിലവിലെ പ്രതിസന്ധി മറികടക്കാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണം എന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് പത്രവാർത്തകൾ മാത്രമാണ് പുറത്ത് വരുന്നത്. ലഡാക്കിലെയും സിക്കിമിലെയും മൂന്ന് പോയിന്‍റുകളിൽ ചൈനീസ് സൈന്യം അതിർത്തി ലംഘിച്ചു എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു ഔദ്യോഗിക വിശദീകരണവും വിഷയത്തിൽ വരുന്നില്ല. രാജ്യത്തെ ജനങ്ങൾക്ക് എന്താണ് അതിർത്തിയിൽ നടക്കുന്നത് എന്ന് അറിയാൻ അവകാശം ഉണ്ട്. സർക്കാരിന്‍റെ മൗനം ചൈനീസ് സേനക്ക് ഇന്ത്യൻ അതിർത്തി കടന്നെത്താൻ പ്രചോദനം ആയി. അതിനാൽ അതിർത്തിയിൽ നടക്കുന്ന കാര്യങ്ങൾ സർക്കാർ രാജ്യത്തോട് വിവരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിർത്തിയിൽ നടക്കുന്ന കടന്നു കയറ്റം ചെറുക്കാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് രണ്‍ദീപ് സിങ് സുർജേവാല ചോദിച്ചു.

നിലവിലെ സാഹചര്യത്തിൽ രാജ്യതാല്‍പര്യം സംരക്ഷിക്കാൻ രാജ്യത്തെ പൗരന്മാരെയും രാഷ്ട്രീയ പാർട്ടികളെയും സർക്കാർ വിശ്വാസത്തിൽ എടുക്കണം എന്നും കോണ്‍ഗ്രസ് വക്താവ് അവശ്യപ്പെട്ടു.