‘പിണറായി സർക്കാർ നിർത്തലാക്കിയ പദ്ധതി, ഉമ്മന്‍ ചാണ്ടിയെന്ന സ്നേഹരൂപന്‍റെ ആഗ്രഹമായിരുന്നു അത്’; ശ്രുതി തരംഗം ഏറ്റെടുത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, July 23, 2023

 

ഉമ്മന്‍ ചാണ്ടി സർക്കാരിന്‍റെ അഭിമാന പദ്ധതികളില്‍ ഒന്നായ ശ്രുതി തരംഗം പുനഃരാരംഭിക്കാന്‍ കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം നടത്തിയെടുക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി വ്യക്തമാക്കി. ആലുവ കാഞ്ഞൂർ സ്വദേശിനി അമിത എന്ന കുട്ടിയുടെ  ചികിത്സ ഏറ്റെടുത്തുകൊണ്ടായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം. അമിതയുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ ചിരി തന്നെയാണ് വിടപറഞ്ഞുപോയ ഉമ്മൻ ചാണ്ടിക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി സര്‍ക്കാര്‍ ശ്രുതി തരംഗം പദ്ധതി നിർത്തലാക്കിയതോടെ കേള്‍വി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി കുഞ്ഞുങ്ങളാണ് ആശങ്കയിലായത്. കുട്ടികളുടെ കരച്ചില്‍ കണ്ട് വേദനയോടെയാണ് ഉമ്മന്‍ ചാണ്ടി യാത്രയായത്. ഉമ്മൻ ചാണ്ടിയെന്ന സ്നേഹരൂപന്‍റെ അവസാനത്തെ ആഗ്രഹങ്ങളിലൊന്ന് നടത്തിയെടുക്കാൻ കോൺഗ്രസ്‌ മുന്നിട്ടിറങ്ങുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് അറിയിച്ചു. ആദ്യഘട്ടത്തിൽ 50 കുട്ടികളെ സഹായിക്കാനാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാൻ സുമനസുകളും സന്നദ്ധ സംഘടനകളും തയാറാകണമെന്നും കെ സുധാകരന്‍ എംപി ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യർത്ഥിച്ചു.

 

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വിളക്കേ അണഞ്ഞിട്ടുള്ളൂ, ആ വെളിച്ചം കേരളം മുഴുവൻ കോൺഗ്രസിലൂടെ ഇനിയും പ്രകാശിക്കും….
ഉമ്മൻചാണ്ടിയെന്ന സ്നേഹരൂപന്‍റെ അവസാനത്തെ ആഗ്രഹങ്ങളിലൊന്ന് നടത്തിയെടുക്കാൻ കോൺഗ്രസ്‌ മുന്നിട്ടിറങ്ങുകയാണ്…

പിണറായി വിജയന്‍റെ സർക്കാർ ചികിത്സയ്ക്ക് പണം ലഭ്യമാക്കാത്തതിനെ തുടർന്ന് കേൾവി ശക്തി നഷ്ടമാകുമെന്ന് ഭയന്നിരിക്കുന്ന ആലുവ കാഞ്ഞൂർ സ്വദേശിനി കുമാരി അമിതയെ വീട്ടിൽ സന്ദർശിച്ചു. കുട്ടിയുടെ ചികിത്സ കെപിസിസി ഏറ്റെടുക്കുകയാണ്. അമിതയുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ ചിരി തന്നെയാണ് വിടപറഞ്ഞുപോയ ഉമ്മൻചാണ്ടിക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവ്.

ഉമ്മൻചാണ്ടി ഭരിച്ചിരുന്ന കാലത്ത് കൊണ്ടുവന്ന അഭിമാന പദ്ധതികളിൽ ഒന്നായിരുന്നു, അറുനൂറിലധികം കുഞ്ഞുങ്ങളെ കേൾവിയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ, ശ്രുതി തരംഗം. എന്ത് കാരണം കൊണ്ടെന്നറിയാതെ പിണറായി വിജയൻ സർക്കാർ ആ പദ്ധതി നിർത്തലാക്കി.

കേൾവിയുടെ ലോകത്തേക്ക് എത്തിയതിനു ശേഷം, ഇന്നത്തെ സർക്കാർ തുടർ ചികിത്സക്കുള്ള ഫണ്ട് അനുവദിക്കാത്തതിനാൽ കേൾവി ശക്തി നഷ്ടപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ വേദന ഞങ്ങൾ തിരിച്ചറിയുന്നു. ആ കുട്ടികളുടെ കരച്ചിലിൽ അങ്ങേയറ്റം വേദനയോടെയാണ് പ്രിയപ്പെട്ട ഉമ്മൻചാണ്ടി വിട പറഞ്ഞത്. അവസാനമായി അദ്ദേഹം രോഷത്തോടെ പ്രതികരിച്ചതും ഈ വിഷയത്തിലാണ്.

ഓരോ കുട്ടിയുടെയും ചികിത്സക്കായി 5 ലക്ഷം രൂപയോളം വേണ്ടിവരും. മുഴുവൻ കുട്ടികളുടെയും ചികിത്സ ഏറ്റെടുക്കണം എന്നാണ് കോൺഗ്രസിന്‍റെ ആഗ്രഹം. എന്നാൽ സാമ്പത്തിക പരിമിതി മൂലം ആദ്യഘട്ടത്തിൽ 50 കുട്ടികളെ സഹായിക്കുവാൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.

‘സ്നേഹത്തിന്‍റെ’ രാജാവിന് കേരളം കൊടുത്ത യാത്രയയപ്പിൽ ഞങ്ങൾ ഓരോരുത്തരും ഈ നാടിനോട് കടപ്പെട്ടിരിക്കുന്നു. ‘സ്നേഹത്തിന്‍റെ’ മാന്ത്രിക വലയം കേരളമെങ്ങും നിറഞ്ഞു തുളുമ്പിയ 3 ദിനരാത്രങ്ങളാണ് കടന്നുപോയത്. ആ സ്നേഹസ്പർശം കേരളത്തിന്‌ തുടർന്നും ലഭിക്കുവാനുള്ള എല്ലാവിധ ഇടപെടലുകളും കോൺഗ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും.

ഉമ്മൻ‌ചാണ്ടിയുടെ അവസാന നാളുകളിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇത്. അത്‌ നടത്തിയെടുക്കാൻ എന്ത് ത്യാഗം സഹിച്ചും കോൺഗ്രസ്‌ മുന്നിട്ടിറങ്ങും. ആ കുഞ്ഞുങ്ങളുടെ നിസഹായാവസ്ഥ അദ്ദേഹത്തെ പോലെത്തന്നെ ഞങ്ങളെയും ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാൻ സുമനസുകളും സന്നദ്ധ സംഘടനകളും തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

– കെ സുധാകരൻ.