ശക്തനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്; വക്കം പുരുഷോത്തമന്‍റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം കെപിസിസി ആചരിക്കും; കെ.സുധാകരന്‍ എംപി.

Monday, July 31, 2023

തിരുവനന്തപുരം: മുന്‍ ഗവര്‍ണ്ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം കെപിസിസി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

ശക്തനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ഗവര്‍ണ്ണറായും മന്ത്രിയായും സ്പീക്കറായും ശോഭിച്ച അദ്ദേഹം കേരളം കണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്നു. സ്പീക്കര്‍ പദവിയിലിരിക്കെ സഭയുടെ അന്തസ്സും ഗൗരവവും ഉയര്‍ത്തിപിടിക്കാന്‍ അദ്ദേഹത്തിനായി.കര്‍ക്കശമായ നിലപാടുകള്‍ പുലര്‍ത്തുമ്പോഴും സൗമ്യമായ പെരുമാറ്റമായിരുന്നുവെന്നും കെ സുധാകരന്‍ ഓര്‍മിച്ചു.
താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മാര്‍ഗദര്‍ശിയായ പൊതുപ്രവര്‍ത്തകന്‍,കറകളഞ്ഞ മതേതരവിശ്വാസി,കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ അച്ചടക്കത്തോടെ എന്നും പ്രവര്‍ത്തിച്ച നേതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായിരുന്നു വക്കം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. എനിക്ക് അദ്ദേഹവുമായി ദീര്‍ഘകാലത്തെ ആത്മബന്ധമാണുള്ളത്. വക്കം പുരുഷോത്തമന്റെ വിയോഗത്തിലൂടെ കേരളത്തിന് മികച്ച പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും കെ സുധാകരന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.