രാജ്യത്ത് മോദി മാജിക്കില്ല; കോണ്‍ഗ്രസ് തകർന്നിട്ടില്ല, തിരിച്ചുവരും

Jaihind Webdesk
Wednesday, December 6, 2023

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഹാട്രിക്കി’നെ കുറിച്ചാണ് സംസാരിക്കുന്നത്. അങ്ങനെയൊരു നിഗമനം ചോദ്യംചെയ്യപ്പെടേണ്ട ആവശ്യമില്ലെന്ന കണക്കുകൂട്ടലില്‍ പലരും അതാവര്‍ത്തിക്കുന്നു. മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം, തുടര്‍ച്ചയായ മൂന്നാം തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ തടഞ്ഞുനിര്‍ത്താൻ ആര്‍ക്കും കഴിയില്ലെന്നുള്ള സന്ദേശം അടുത്ത പ്രഭാതത്തോടെ, രാജ്യമൊട്ടാകെ പരത്തുകയാണ്. ബി.ജെ.പി അനുയായികള്‍ ആഘോഷം കൊഴുപ്പിക്കുന്നു, എതിരാളികള്‍ നിരാശയിലേക്ക് കൂപ്പുകുത്തുന്നു. എന്നാല്‍, ഈ നിഗമനം ശരിയാണോ? അതു ചോദിക്കാൻ അധികമാരും മെനക്കെടുന്നില്ല.

സൈക്കോളജിക്കല്‍ ഗെയിമുകള്‍ കളിക്കുന്നതും ജയിക്കുന്നതും വലിയൊരളവില്‍ ഇങ്ങനെയാണ്. സത്യത്തിന്‍റെ ചെറിയൊരു കുമിള വല്ലാതെ ഊതിവീര്‍പ്പിച്ചിട്ട് വിരുദ്ധമായ മുഴുവൻ യാഥാര്‍ഥ്യങ്ങളെയും അതിനുപിന്നില്‍ അതങ്ങനെ ഒളിപ്പിച്ചുനിര്‍ത്തും. യുദ്ധം തുടങ്ങുംമുമ്പേ എതിരാളിയുടെ ആത്മവിശ്വാസം നിലംപരിശായാല്‍, മത്സരം പിന്നെ വാക്കോവറാവാനുള്ള സാധ്യതയാണേറെയും. അതുകൊണ്ട്, ഈ നിഗമനങ്ങളെയും അവകാശവാദങ്ങളെയും സൂക്ഷ്മ തലത്തില്‍ പരിശോധിക്കുകയെന്നത് പരമപ്രധാനമാണ്.

കൂടുതല്‍ വോട്ട് കോണ്‍ഗ്രസിന്!

തെരഞ്ഞെടുപ്പു കമീഷന്‍റെ വെബ്സൈറ്റില്‍നിന്നുതന്നെ തുടങ്ങാം. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിച്ച നാലു സംസ്ഥാനങ്ങളിലും എല്ലാ പാര്‍ട്ടികള്‍ക്കും കിട്ടിയ വോട്ടുകള്‍ കൂട്ടിനോക്കാം. വിജയഭേരി മുഴക്കിയ ബി.ജെ.പിക്ക് നാലു സംസ്ഥാനങ്ങളില്‍നിന്നായി കിട്ടിയ മൊത്തം വോട്ട് 4,81,33,463 ആണ്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ‘കനത്ത പരാജയം’ പിണഞ്ഞ കോണ്‍ഗ്രസിന് കിട്ടിയത് 4,90,77907 വോട്ടുകള്‍! അതിനര്‍ഥം കോണ്‍ഗ്രസ് മൊത്തത്തില്‍ 944,444 വോട്ടുകള്‍ ബി.ജെ.പിയേക്കാള്‍ നേടിയിട്ടുണ്ടെന്നതാണ്. എന്നിട്ടും, കോണ്‍ഗ്രസിനെ ബി.ജെ.പി പൂര്‍ണമായും തകര്‍ത്തുകളഞ്ഞു എന്ന രീതിയിലാണ് എല്ലാ ചര്‍ച്ചകളുമെന്നുനോക്കണം.

ബി.ജെ.പി ജയിച്ച, ഹിന്ദി സംസാരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം നോക്കിയാല്‍ വോട്ടുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമില്ലെന്ന് കാണാനാവും. രാജസ്ഥാനില്‍ ബി.ജെ.പിക്ക് ലഭിച്ചത് 41.7 ശതമാനം വോട്ടുകളാണ്. കോണ്‍ഗ്രസിന് 39.6 ശതമാനം വോട്ടും. വ്യത്യാസം കേവലം രണ്ടുശതമാനം മാത്രം. ഛത്തീസ്ഗഢില്‍ അത് നാലുശതമാനമാണ് -ബി.ജെ.പിക്ക് 46.3 ശതമാനവും കോണ്‍ഗ്രസിന് 42.2 ശതമാനവും. മധ്യപ്രദേശില്‍ മാത്രമാണ് വ്യത്യാസം കൂടുതല്‍ ഉയര്‍ന്നുനില്‍ക്കുന്നത്. ബി.ജെ.പിക്ക് 48.6ഉം കോണ്‍ഗ്രസിന് 40 ശതമാനവും വോട്ടുകള്‍ ലഭിച്ചപ്പോള്‍ വ്യത്യാസം എട്ടുശതമാനത്തിലേറെയായി. മൂന്നു സംസ്ഥാനങ്ങളിലും തോറ്റെങ്കിലും കോണ്‍ഗ്രസിന് 40ഓ അതില്‍ കൂടുതലോ ശതമാനം വോട്ട് നേടാനായി. അതിനര്‍ഥം, ആ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടേറിയ കാര്യമല്ല എന്നുതന്നെയാണ്.

മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പി നേടിയ മുൻതൂക്കത്തെ തെലങ്കാന കൊണ്ട് മാത്രം പരിഹരിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞു. തെലങ്കാനയില്‍ കോണ്‍ഗ്രസ് 39.4 ശതമാനം വോട്ടുനേടിയപ്പോള്‍ ബി.ജെ.പിക്ക് കിട്ടിയത് 13.9 ശതമാനം (32 ലക്ഷത്തില്‍ താഴെ വോട്ട്) മാത്രം. 2018നുശേഷം തെരഞ്ഞെടുപ്പു മത്സരവഴിയില്‍ കരുത്തുചോര്‍ന്ന് പുറത്തേക്കുള്ള വഴിയിലേക്കായ കോണ്‍ഗ്രസ് ഇവ്വിധം ഉന്നതിയിലേക്ക് തിരിച്ചുവന്നത് രാഷ്ട്രീയമായ ശക്തിയുടെ അടയാളമാണ്.

2018ല്‍ മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പി തോറ്റിരുന്നു…

‘ഹാട്രിക്ക്’ എന്ന മിത്ത് പരിശോധിക്കാൻ പിൻകാലങ്ങളിലേക്കൊന്ന് തിരിഞ്ഞുനോക്കാം. കഴിഞ്ഞ രണ്ടു ദശാബ്ധങ്ങളിലായി മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുറച്ചുമാസങ്ങള്‍ക്കുശേഷമാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനമായി 2018ല്‍ ഈ മൂന്നു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പരാജയമായിരുന്നു ഫലം. എന്നാല്‍, അന്ന് പ്രധാനമന്ത്രിയോ മാധ്യമങ്ങളോ 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് പറഞ്ഞിട്ടേയില്ല. അന്ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലാകട്ടെ, ഈ മൂന്നു സംസ്ഥാനങ്ങളിലും ഹിന്ദി ബെല്‍റ്റിലെ മറ്റിടങ്ങളിലും വമ്പൻ ജയമാണ് ബി.ജെ.പി നേടിയത്.

അതുപോലെ 2003ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. എന്നാല്‍, വൈകാതെ നടന്ന 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ഇതിനര്‍ഥം നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളുടെ പ്രകൃതം വ്യത്യസ്തമാണെന്നതുതന്നെയാണ്. അസംബ്ലി തെരഞ്ഞെടുപ്പിലെ പ്രകടനം ചൂണ്ടിക്കാട്ടി ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ മുൻകൂര്‍ നിഗമനങ്ങളിലെത്തുന്നതും അര്‍ഥശൂന്യമാണ്. ബി.ജെ.പിക്ക് ആ ട്രെൻഡിനെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിയില്ല?

ബി.ജെ.പിക്ക് മുന്നിലുള്ളത് വെല്ലുവിളി

2024ലെ അധികാരമാറ്റത്തെക്കുറിച്ച സമവാക്യം നോക്കൂ. ബി.ജെ.പി ഹിന്ദി ബെല്‍റ്റിലെ ഈ മൂന്നു സംസ്ഥാനങ്ങളെ ഏറെ ആശ്രയിക്കുന്നവരാണ്. എന്നാല്‍, പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ ഈ സംസ്ഥാനങ്ങളെ ആശ്രയിച്ചല്ല താനും. ‘ഇൻഡ്യ’ സഖ്യത്തിന്‍റെ ഇലക്ടറല്‍ മാത്തമാറ്റിക്സ് കര്‍ണാടക, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ സീറ്റുകള്‍ കുറക്കുക എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. 2019ല്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി മൊത്തമുള്ള 65 ലോക്സഭ സീറ്റുകളില്‍ 61ലും ബി.ജെ.പിയാണ് ജയിച്ചത്. കോണ്‍ഗ്രസിന് കിട്ടിയതാകട്ടെ, വെറും മൂന്നു സീറ്റും. അതിനര്‍ഥം, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് മുന്നിലുള്ള വെല്ലുവിളി ഈ സീറ്റുകള്‍ നിലനിര്‍ത്തുകയെന്നതാണ്. സാധിക്കുമെങ്കില്‍ തെലങ്കാനയില്‍ നിലവിലുള്ള നാലു സീറ്റ് വര്‍ധിപ്പിക്കുകയെന്നതും അവരുടെ പ്രധാന ഉന്നമാകും. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളില്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടാനൊന്നുമില്ല. മറിച്ച്‌, നേടാനേയുള്ളൂ താനും. ദേശീയാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിന്‍റെ വീക്ഷണകോണിലൂടെ നിരീക്ഷിച്ചാല്‍, ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പുതുതായെന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെന്ന് പറയാൻ കഴിയില്ല.

ലോക്സഭയില്‍ ഈ ലെജിസ്ലേറ്റിവ് അസംബ്ലികള്‍ എങ്ങനെ എണ്ണത്തിലെടുക്കാം? മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലായി മൊത്തം 83 ലോക്സഭ സീറ്റുകളാണുള്ളത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇതില്‍ 65 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. കോണ്‍ഗ്രസിനുള്ളത് ആറെണ്ണം മാത്രം. ബാക്കിയുള്ളത് ബി.ആര്‍.എസ്, എം.എൻ.എഫ്, എ.ഐ.എം.ഐ.എം എന്നിവക്കും.

ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും ഇതേ വോട്ടുകളാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കും കോണ്‍ഗ്രസിനും ലഭിക്കുന്നതെങ്കില്‍ അതിന്‍റെ ഫലം ഇങ്ങനെയായിരിക്കും.

  • രാജസ്ഥാൻ: ബി.ജെ.പി 14 സീറ്റ്, കോണ്‍ഗ്രസ് 11
  • ഛത്തീസ്ഗഢ്: ബി.ജെ.പി 8, കോണ്‍ഗ്രസ് 4
  • തെലങ്കാന: കോണ്‍ഗ്രസ് 9, ബി.ജെ.പി 0, ബി.ആര്‍.എസ് 7, എ.ഐ.എം.ഐ.എം 1
  • മിസോറാം: ഇസഡ്.എം.പി 1

അപ്പോള്‍ നാലു സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ അസംബ്ലി തെരഞ്ഞെടുപ്പുകളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ ലോക്സഭയിലെ അവിടുത്തെ മൊത്തം 83 സീറ്റുകളില്‍ ബി.ജെ.പിക്ക് 46ഉം കോണ്‍ഗ്രസിന് 28 സീറ്റുമാകും ലഭിക്കുക. അതിനര്‍ഥം, ഇതേ രീതിയിലാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണെങ്കില്‍ കൊട്ടിഗ്ഘാഷിക്കുന്ന വൻനേട്ടത്തിനു പകരം ബി.ജെ.പിക്ക് അത് കനത്ത തിരിച്ചടിയാകും സമ്മാനിക്കുക. അവരുടെ കൈയിലുള്ള 19 സീറ്റുകള്‍ നഷ്ടമാവുകയും കോണ്‍ഗ്രസിന് 22 സീറ്റുകള്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യും. ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ലോക്സഭ തെരഞ്ഞെടുപ്പിലും നിലനിര്‍ത്തുകയെന്നത് ഉറപ്പുവരുത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതുള്ളൂ.

ഇപ്പോള്‍, വളരെ ലളിതമായ ഗണിതമാണിതെന്ന് പലരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ‘മോദി മാജിക്’ എന്നൊന്നും ഇപ്പോഴത്തെ വിജയത്തെ പറയാനാവില്ല. അങ്ങനെയൊരു ‘മാജിക്’ നടന്നിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം വൻ കാവിതരംഗമുണ്ടാവുകയും കോണ്‍ഗ്രസ് തുടച്ചുമാറ്റപ്പെടുകയും ചെയ്തേനേ. അങ്ങനെയൊരു മാജിക്കെന്ന് പാടിനടക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ ഫലം സംരക്ഷണകവചമായി എടുത്തണിയേണ്ട ആവശ്യമെന്താണുള്ളത്?

കടപ്പാട് : യോഗേന്ദ്ര യാദവ് ലേഖനം thewire