തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് മികച്ച വിജയം : കോൺഗ്രസ് വലിയ മൂന്നാമത്തെ ഒറ്റക്കക്ഷി ; ബിജെപി 308 സീറ്റില്‍ ഒതുങ്ങി

Jaihind Webdesk
Wednesday, February 23, 2022

ചെന്നൈ: തമിഴനാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച് കോൺഗ്രസ്.  592 സീറ്റികളില്‍  സ്ഥാനാർത്ഥികൾ വിജയിച്ചതോടെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. ദ്രാവിഡ കക്ഷികളായ ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും വേരോട്ടമുള്ള സംസ്ഥാനത്ത് കോൺഗ്രസ് ശക്തി തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയായി ഇത്തവണത്തേത്. അതേസമയം ബിജെപി 308 സീറ്റില്‍ ഒതുങ്ങി.

21 നഗര കോർപറേഷനുകളിൽ 73 വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്. വിവിധ മുനിസിപ്പാലിറ്റികളിലേക്ക് 151 പേർ വിജയിച്ചു. ടൗൺ പഞ്ചായത്തിലേക്ക് വിജയിച്ചെത്തിയത് 368 സ്ഥാനാർത്ഥികളാണ്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ മുന്നണിയിലാണ് കോൺഗ്രസ് അങ്കത്തിനിറങ്ങിയത്.

തദ്ദേശ സ്ഥാപനങ്ങൾ മാത്രമെടുത്തു പരിശോധിച്ചാലും കോൺഗ്രസിന് ബിജെപിയേക്കാൾ വ്യക്തമായ മേൽക്കൈയുണ്ട്. സിറ്റി കോർപറേഷനുകളിൽ കോൺഗ്രസിന് ലഭിച്ചത് 73 സീറ്റാണ് എങ്കിൽ ബിജെപിക്ക് 22 ഇടത്തേ ജയിക്കാനായുള്ളൂ. 952 സീറ്റു നേടിയ ഡിഎംകെയാണ് കോർപറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാം സ്ഥാനത്തെത്തിയ എഐഎഡിഎംകെയ്ക്ക് 164 സീറ്റേ കിട്ടിയുള്ളൂ. 24 സീറ്റു നേടിയ സിപിഎമ്മാണ് നാലാം സ്ഥാനത്ത്. സിപിഐക്ക് 13ഉം മുസ്‌ലിം ലീഗിന് ആറും സീറ്റു ലഭിച്ചു.

മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബിജെപി നാലാമതായി. കോൺഗ്രസ് 151, ബിജെപി 56, സിപിഎം 41, സിപിഐ 19, മുസ്‌ലിംലീഗ് 23 എന്നിങ്ങനെയാണ് സീറ്റു നില. ഏറ്റവും കൂടുതൽ സീറ്റു നേടിയ ഡിഎംകെ 2360 ഇടത്ത് വിജയിച്ചു. 638 ഇടത്ത് എഐഎഡിഎംകെയും.

ഏറ്റവും കൂടുതൽ സീറ്റുകളിൽ പോരാട്ടം നടന്ന ടൗൺ പഞ്ചായത്തിൽ 368 സീറ്റിലാണ് കോൺഗ്രസ് ജയിച്ചത് എങ്കിൽ ബിജെപിക്ക് വിജയിക്കാനായത് 230 വാർഡുകളിൽ മാത്രം. ഡിഎംകെ 4388 സീറ്റും എഐഎഡിഎംകെ 1206 സീറ്റും സ്വന്തമാക്കി. ദ്രാവിഡ കക്ഷികൾക്ക് മേൽക്കൈയില്ലാത്ത കന്യാകുമാരി ജില്ലയിലാണ് ബിജെപി കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയത്.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം അടക്കമുള്ള പ്രമുഖര്‍ സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.

ചെറു കക്ഷികളായ പിഎംകെ, നാം തമിലർ കച്ചി, കമൽ ഹാസന്റെ മക്കൾ നീതി മയ്യം, വിജയകാന്തിന്‍റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികൾക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. തനിച്ചു മത്സരിച്ച പിഎംകെ അഞ്ചു കോർപറേഷൻ വാർഡുകളിലും 48 മുനിസിപ്പൽ സീറ്റുകളിലും 73 ടൗൺ പഞ്ചായത്ത് വാർഡുകളിലും വിജയിച്ചു. ഒരത്തനാട് ടൗൺ പഞ്ചായത്തിൽ എഎംഎംകെ ഭൂരിപക്ഷം നേടി. മൂന്നു കോർപറേഷൻ സീറ്റിലും 33 മുനിസിപ്പൽ സീറ്റിലും 66 ടൗൺ പഞ്ചായത്ത് സീറ്റിലും അവർ വിജയിച്ചു.

ഒരു കോർപറേഷൻ സീറ്റിലും ഡിഎംഡികെയ്ക്ക് വിജയിക്കാനായില്ല. എന്നാൽ 12 മുനിസപ്പൽ സീറ്റിലും 23 ടൗൺ പഞ്ചായത്ത് സീറ്റിലും ജയം കണ്ടു. കോയമ്പത്തൂർ മുനിസപ്പൽ കോർപറേഷനിലെ ഒരു സീറ്റിൽ വിജയിച്ച എസ്ഡിപിഐ അഞ്ചു മുനിസിപ്പൽ വാർഡുകളും 16 ടൗൺ പഞ്ചായത്ത് വാർഡുകളും വിജയിച്ചു. കോർപറേഷനുകളിൽ 73 സ്വതന്ത്രരും വിജയിച്ചു.

21 മുനിസിപ്പൽ കോർപറേഷനുകളും 138 മുനിസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളും ഉൾപ്പെടെ 649 തദ്ദേശ ഭരണസ്ഥാപനങ്ങളേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 12,607 സീറ്റുകളിൽ 57778 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.