പ്ലീനറി സമ്മേളനത്തിന് 122 അംഗ സബ്‍ജക്ട് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

Jaihind Webdesk
Sunday, February 12, 2023

ന്യൂഡൽഹി: പ്ലീനറി സമ്മേളനത്തിന് 122 അംഗ സബ്‍ജക്ട് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എ കെ ആൻ്റണി, ഉമ്മൻ ചാണ്ടി, എഐസിസി ജനല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവര്‍ അംഗങ്ങളാണ്. സംഘടനാപരിഷ്കരണം ലക്ഷ്യമിട്ട് ഛത്തീസ്ഗഢിലെ റായ്‌പുരിലാണ് ഈ മാസം കോൺഗ്രസ് പ്ലീനറിസമ്മേളനം നടക്കുന്നത്.

ദേശീയ ജനറൽസെക്രട്ടറി ജയറാം രമേഷ് അധ്യക്ഷനായ കരടുഭേദഗതി സമിതിയിൽ കേരളത്തിൽനിന്ന് രമേശ് ചെന്നിത്തലയും ശശിതരൂരുമുണ്ട്. ആറ്‌ ഉപസമിതികളിലും മലയാളിസാന്നിധ്യമുണ്ട്. രാഷ്ട്രീയകാര്യസമിതിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, സാമ്പത്തികകാര്യസമിതിയിൽ കെ. മുരളീധരൻ എംപി, കൃഷിയിൽ ടി.എൻ. പ്രതാപൻഎംപി , സാമൂഹികനീതിയിൽ കൊടിക്കുന്നിൽ സുരേഷ് എംപി, ആന്റോ ആന്റണി എംപി, യുവജന വിഭാഗത്തിൽ ഹൈബി ഈഡൻ എംപി എന്നിവരെ നിശ്ചയിച്ചതായി എഐസിസി ജനല്‍ സെക്രട്ടറി  കെ.സി. വേണുഗോപാൽ അറിയിച്ചു.

കോൺഗ്രസ് അധ്യക്ഷനും എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും കെ.സി. വേണുഗോപാലും അടങ്ങിയ 50 അംഗ സ്റ്റിയറിങ് കമ്മിറ്റിയെയും പി.സി.സി. അധ്യക്ഷന്മാർ, പാർലമെന്ററി പാർട്ടി നേതാക്കൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരടങ്ങിയ 122 അംഗ വിഷയസമിതിയെയും പ്ലീനറിക്കായി നിയോഗിച്ചിട്ടുണ്ട്.