അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകിയിരിക്കെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ് വിഎംആറുമായി ചേര്‍ന്നു നടത്തിയ പ്രീപോള്‍ സര്‍വേ. മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുന്ന കോണ്‍ഗ്രസ് ഛത്തിസ്ഗഡില്‍ ഭരണം നിലനിര്‍ത്തുമെന്നും സര്‍വേയില്‍ പറയുന്നു. മിസോറമിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്നാണ് സര്‍വേഫലം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നാണ് സര്‍വേ ഫലം. 230 അംഗനിയമസഭയില്‍ 120 മുതല്‍ 130 വരെ സീറ്റുകളാണ് കോണ്‍ഗ്രസിനു പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 114 സീറ്റായിരുന്നു കോണ്‍ഗ്രസ് നേടിയത്. ബിജെപി ഇത്തവണ 95 മുതല്‍ 105 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 109 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. 2018ലെ തിരഞ്ഞെടുപ്പിലും ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നെങ്കിലും നേരിയ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. 22 പേരെ മറുകണ്ടം ചാടിച്ച് ഭരണം പിടിക്കാന്‍ ബിജെപിയെ സഹായിച്ചതും അതാണ്. ഇത്തവണ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നാണ് സര്‍വേ ഫലം. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രീപോള്‍ സര്‍വേ പ്രവചിക്കുന്നത്. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയില്‍ 52 മുതല്‍ 58 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വേ ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 19 സീറ്റ് എന്ന നിലയില്‍നിന്ന് കോണ്‍ഗ്രസിനു മുന്നേറ്റമുണ്ടാകുമെന്നും വോട്ടുവിഹിതത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നും സര്‍വേ പറയുന്നു. ഭരണകക്ഷിയായ ബിആര്‍എസിന് തകര്‍ച്ച പ്രവചിക്കുന്ന സര്‍വേ, പാര്‍ട്ടി ഇത്തവണ 47 മുതല്‍ 52 വരെ സീറ്റു മാത്രമാണ് നേടുകയെന്നും പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 88 സീറ്റ് നേടിയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. 53 മുതല്‍ 58 വരെ സീറ്റുകള്‍ നേടും. നടപ്പാക്കിയ കര്‍ഷകക്ഷേമ പദ്ധതികളുടെ ബലത്തില്‍ അധികാരത്തില്‍ തുടരാമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെയും കോണ്‍ഗ്രസിന്റെയും പ്രതീക്ഷ. മിസോറമില്‍ ഇത്തവണ ആര്‍ക്കും കേവലഭൂരിഭക്ഷമുണ്ടാവില്ലെന്നാണ് സര്‍വേഫലം. കോണ്‍ഗ്രസിനു സീറ്റുനിലയില്‍ നേരിയ മുന്‍തൂക്കവും പ്രവചിക്കപ്പെടുന്നു. 12 മുതല്‍ 16 വരെ സീറ്റുകള്‍ പാര്‍ട്ടി നേടാമെന്നാണ് ഫലം. കഴിഞ്ഞ തവണ നാലു സീറ്റാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്‍ഡിഎയുമായി ചേര്‍ന്നു ഭരിക്കുന്ന ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ട് തകര്‍ച്ച നേരിടുമെന്നും 11 മുതല്‍ 15 വരെ സീറ്റുകളാണ് ലഭിക്കുകയെന്നും സര്‍വേഫലം പറയുന്നു. വിവിധ സര്‍വേഫലങ്ങള്‍ കോണ്‍ഗ്രസിന്റെ വ്യക്തമായ മുന്നേറ്റം പ്രവചിക്കുന്ന സര്‍വേകള്‍ പാര്‍ട്ടിയ്ക്ക് വന്‍ ഊര്‍ജമാണ് നല്‍കുന്നത്.