മധ്യപ്രദേശില്‍ ബിജെപി കോട്ടകള്‍ തകർത്ത് കോണ്‍ഗ്രസ്; പിടിച്ചടക്കിയത് അഞ്ച് കോർപ്പറേഷനുകള്‍

Jaihind Webdesk
Wednesday, July 20, 2022

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയുടെ ഉരുക്കുകോട്ടകളെ വിറപ്പിച്ച് കോണ്‍ഗ്രസിന്‍റെ തേരോട്ടം. മധ്യപ്രദേശ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ രണ്ട് ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസിന് മികച്ച വിജയം.  2015ല്‍ ഒരു മേയര്‍ പോലും ഇല്ലാതിരുന്ന സ്ഥാനത്ത് 16 ല്‍ അഞ്ച് മേയര്‍ സ്ഥാനങ്ങളാണ് കോണ്‍ഗ്രസ് നേടിയത്. ചിന്ദ്വാര, ഗ്വാളിയോർ, ജബല്‍പൂര്‍, രേവ, മൊറേന കോർപ്പറേഷനുകള്‍ ഇനി കോണ്‍ഗ്രസ് ഭരിക്കും. ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ഉണ്ടായിരിക്കുന്നത്.

മധ്യപ്രദേശില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വിജയിക്കുന്നത്. രണ്ടാം ഘട്ട വോട്ടെണ്ണല്‍ നടന്ന ഇന്ന് കോണ്‍ഗ്രസ് രണ്ട് കോർപ്പറേഷനുകള്‍ കൂടി സ്വന്തമാക്കി. ആദ്യ ഘട്ടത്തില്‍ ഫലം അറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് മേയർ സ്ഥാനങ്ങള്‍ നേടിയിരുന്നു. ഇന്ന് രേവ, മൊറേന കോർപ്പറേഷനുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 24 വർഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് രേവയില്‍ വിജയക്കൊടി നാട്ടുന്നത്.

ജൂലൈ 17ന് ആദ്യ ഘട്ട ഫലം പുറത്തുവന്നപ്പോള്‍ ചിന്ദ്വാര, ഗ്വാളിയോർ, ജബല്‍പൂര്‍ എന്നീ മേയർ സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.  ചിന്ദ്വാര കോർപ്പറേഷൻ രൂപീകരിച്ച 2014 ൽ ബിജെപി വിജയിച്ച മേയർ സ്ഥാനമാണ് ആദിവാസി നേതാവ് വിക്രം അഹക്യേയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്. 18 വർഷത്തിന് ശേഷമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിന്ദ്വാരയിൽ ജയിക്കുന്നത്. ചമ്പൽ – ഗ്വാളിയോർ മേഖലയിലെ പ്രധാന നഗരമായ ഗ്വാളിയോറിലെ മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം 57 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തിരികെ പിടിക്കുന്നത്. 1965 ൽ കോൺഗ്രസിന് നഷ്ടപ്പെട്ട മേയർ സ്ഥാനമാണ് ശോഭ സിക്കർവാറിലൂടെ പാർട്ടി തിരികെ പിടിച്ചത്.

മധ്യപ്രദേശിലെ 16 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും, 99 നഗർ പാലിക പരിഷത്ത്, 298 നഗർ പരിഷത്ത് എന്നിവയുൾപ്പെടെ 413 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 6, 13 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. അന്തിമ ഫലം വരുമ്പോള്‍ 16 ല്‍ 9 കോർപറേഷനുകള്‍ ബിജെപി ജയിച്ചപ്പോള്‍ 5 ഇടങ്ങളില്‍ കോണ്‍ഗ്രസ് വിജയക്കൊടി നാട്ടി. ഒരു കോർപ്പറേഷനില്‍ ആം ആദ്മിയും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ബിജെപിയുടെ ഉരുക്കുകോട്ടകളാണ് കോണ്‍ഗ്രസ് തകർത്തെറിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന്‍റെ ശക്തമായ മുന്നേറ്റം നേതൃത്വത്തിനും പ്രവര്‍ത്തകർക്കും പുത്തന്‍ ഉണർവേകുന്നതും ഭരണകക്ഷിയായ ബിജെപിക്ക് ഷോക്ക് ട്രീറ്റ്മെന്‍റും ആയി മാറി.