ദഹോദ്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി (MGNREGA) ബന്ധപ്പെട്ട് ദേവ്ഗഢ് ബാരിയ, ധന്‍പൂര്‍ താലൂക്കുകളില്‍ നടന്ന 75 കോടി രൂപയുടെ തട്ടിപ്പില്‍ ഗുജറാത്ത് മന്ത്രി ബച്ചുഭായ് ഖബാദിന്റെ ഇളയ മകന്‍ കിരണ്‍ ഖബാദിനെ ദഹോദ് ജില്ലാ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഇയാളുടെ ജ്യേഷ്ഠന്‍ ബല്‍വന്ത് സിംഗ് ഖബാദിനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. അതിനു പിന്നാലെയാണ് കിരണിന്റെ അറസ്റ്റ്. കിരണ്‍ ഖബാദിനൊപ്പം മറ്റ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദഹോദ് നിലവിലെ ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫീസര്‍ (ഡിഡിഒ) റസിക് റാത്തോഡ്, മുന്‍ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ (എപിഒ) ദിലീപ് ചൗഹാന്‍, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതീക് ബാരിയ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
കഴിഞ്ഞയാഴ്ച സഹോദരനൊപ്പം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച ശേഷം ഒളിവില്‍ പോയ കിരണിനെ തിങ്കളാഴ്ച രാവിലെ വഡോദര-ഹാലോല്‍ ഹൈവേയില്‍ നിന്നാണ് പിടികൂടിയത്. തട്ടിപ്പു നടത്തിയതിന്റെ പേരില്‍ കിരണ്‍ ഖബാദിനെ അറസ്റ്റ് ചെയ്തതായി പോലീസും സ്ഥിരീകരിച്ചു. പോലീസ് പറയുന്നതനുസരിച്ച്, 2021 ജനുവരിക്കും 2024 ഡിസംബറിനും ഇടയിലാണ് പ്രതികള്‍ ‘ക്രമക്കേടുകള്‍ ‘ നടത്തിയത്. ഇവരെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കി. ചൊവ്വാഴ്ച ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ധന്‍പൂരിലെയും ദേവ്ഗഢ് ബാരിയ താലൂക്കുകളിലെയും ഉള്‍ഗ്രാമങ്ങളിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണത്തിനുള്ള ‘അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്ത’ ഏജന്‍സികള്‍ നടത്തിയിരുന്നത് കിരണും ബല്‍വന്ത് സിംഗ് ഖബാദും ചേര്‍ന്നാണെന്നാണ് ആരോപണം. കൃത്യമായ ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി 28 അനധികൃത ഏജന്‍സികള്‍ക്ക് ദേവ്ഗഢ് ബാരിയയില്‍ 60.90 കോടി രൂപയുടെ കരാറുകള്‍ നല്‍കിയതായി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ധന്‍പൂരില്‍ ഇത്തരം ഏഴ് ഏജന്‍സികള്‍ക്ക് 10.10 കോടി രൂപ ലഭിച്ചതായും പറയുന്നു. ഖബാദ് സഹോദരന്മാര്‍ നടത്തുന്നതായി പറയപ്പെടുന്ന രാജ് ട്രേഡേഴ്‌സും എന്‍എല്‍ ട്രേഡേഴ്‌സും ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ശനിയാഴ്ച വരെ ഏഴ് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു: ബല്‍വന്ത് സിംഗ് ഖബാദ്; ദേവ്ഗഢ് ബാരിയ മുന്‍ ടിഡിഒ ദര്‍ശന്‍ പട്ടേല്‍; എംജിഎന്‍ആര്‍ഇജിഎ അക്കൗണ്ടന്റുമാരായ ജയ്വീര്‍ നഗോരി, മഹിപാല്‍ സിംഗ് ചൗഹാന്‍; ഗ്രാം റോസ്ഗാര്‍ സേവകരായ കുല്‍ദീപ് ബാരിയ, മംഗള്‍സിംഗ് പട്ടേലിയ; ടെക്നിക്കല്‍ അസിസ്റ്റന്റ് മനീഷ് പട്ടേല്‍ എന്നിവരായിരുന്നു അവര്‍.
വിഷയം അന്വേഷിക്കാന്‍ ജനുവരിയില്‍ സ്വന്തമായി വസ്തുതാന്വേഷണ സമിതി രൂപീകരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി, കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു.