കാസർകോഡ് 110 ബൂത്തുകളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്

Jaihind Webdesk
Monday, April 29, 2019

കാസർകോഡ് ജില്ലയിൽ 110 ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്ന് യുഡിഎഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി.സി പിഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തതെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയിരിക്കുത്.

കാസർഗോഡ് പാർലമെൻറ് മണ്ഡലത്തിൽ കള്ളവോട്ട് നടത്തിയ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് യുഡിഎഫ് റീപോളിംഗ് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. 90 ശതമാനത്തിൽ കൂടുതൽ പോളിങ് നടന്ന ബൂത്തുകളിലാണ് റീപോളിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപോളിംഗ് ഘടത്തിൽ ഇവിടങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിനൊപ്പം ഓരോ ബൂത്ത് കേന്ദ്രീകരിച്ചും ഒരു കേന്ദ്ര നിരീക്ഷകനെ നിയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്‍റെ ചീഫ് ഇലക്ഷൻ ഓഫീസർ ആയ അഡ്വക്കേറ്റ് സി കെ ശ്രീധരൻ ആണ് പരാതി നൽകിയത്.

പയ്യന്നൂർ, കല്യാശേരി തൃക്കരിപ്പൂർ , ഉദുമ , കാഞ്ഞങ്ങാട് എന്നീ നിയോജകമണ്ഡലങ്ങളിലാണ് സിപിഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് നടത്തിയത്. പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ കലക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യു ഡി എഫിന്റെ തീരുമാനം.