ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യം. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഇക്കാര്യങ്ങളില്‍ മൗനം പാലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നിഷ്പക്ഷ സ്ഥലത്ത് വച്ച് ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളെ വിളിച്ച് സ്ഥിതി ചര്‍ച്ച ചെയ്യണം. യുഎസ് കാറുകള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ തീരുവയ്ക്ക് ഇറക്കുമതി ചെയ്യാന്‍ സമ്മതിച്ചോ എന്നും അദ്ദേഹം ചോദിച്ചു. പിന്നാലെ ആണവായുധ ഭീഷണിയെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നാണ് അമേരിക്ക ഇടപെട്ടതെന്നും അങ്ങനെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവയുദ്ധം ഒഴിവാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞതും വലിയ വിവാദമാവുകയാണ്.
അതേസമയം പാകിസ്ഥാന്റെ ആക്രമണത്തിന് ശേഷം കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാക് ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചിരുന്നു. സുഖ് വീന്ദര്‍ കൗര്‍ ആണ് മരിച്ചത്. ഫിറോസ് പൂരിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ലുധിയാനയില്‍ ചികിത്സലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അതേസമയം പാകിസ്ഥാന്‍ വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങള്‍ ഇന്ത്യ തകര്‍ത്തു എന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനി വ്യോമതാവളങ്ങളില്‍ ഇന്ത്യ വന്‍നാശം വിതച്ചെന്നും എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് സേന ഇന്നലെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചത്.
പാക്ക് വ്യോമതാവളങ്ങളില്‍ മാത്രം 50 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ പാക് സേനയുടെയും ഭീകരരുടെയും ബങ്കറുകളും പോസ്റ്റുകളും തകര്‍ത്തു. സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ എന്ന് ഇന്ത്യ പ്രതിരോധ അറ്റാഷെമാരെ അറിയിച്ചു. ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. രാഷ്ട്രീയ റൈഫിള്‍സിന് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്നുള്ള തെരച്ചിലില്‍ ഷോകാല്‍ കെല്ലര്‍ മേഖലയില്‍ നിന്നാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. സൈന്യത്തിന് നേരെ ഭീകര്‍ വെടിയുതിര്‍ത്തതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യന്‍ സൈന്യം വിശദമാക്കുന്നത്. മേഖലയില്‍ സൈനിക നടപടി തുടരുകയാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. അതേസമയം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കാണ്ടു. ജലന്ധറിനടുത്തുള്ള ആദംപുര്‍ വിമാനത്താവളത്തില്‍ എത്തിയാണ് വ്യോമസൈനികരെ കണ്ടത്.