എ.കെ ബാലനറിയാതെ ഒരിടപാടും നടക്കില്ല ; കണ്ണമ്പ്ര ഭൂമി ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്

Jaihind Webdesk
Tuesday, September 21, 2021

പാലക്കാട് : കണ്ണമ്പ്ര ഭൂമി ഇടപാടിൽ എ.കെ ബാലനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. നടപടി ജില്ലാ നേതാക്കളിൽ ഒതുങ്ങരുതെന്ന് ഡിസിസി പ്രസിഡന്‍റ്  എ.തങ്കപ്പൻ ആവശ്യപ്പെട്ടു. എ.കെ ബാലനറിയാതെ ഒരിടപാടും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം നടത്തിയാൽ പുകമറ സൃഷ്ടിച്ച് കുറ്റക്കാർ രക്ഷപ്പെടും. ഭൂമി ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും എ. തങ്കപ്പൻ പറഞ്ഞു.

സിപിഎം നിയന്ത്രണത്തിലുള‌ള കണ്ണമ്പ്ര പാപ്‌കോസ് റൈസ് മില്ലിൽ സ്ഥലമേറ്റെടുക്കലിൽ മൂന്ന് കോടിയുടെ അഴിമതി നടന്നെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയിരുന്നു. ഏക്കറിന് 15 ലക്ഷം വിലവരുന്ന സ്ഥലം 23.5 ലക്ഷം നൽകിയെന്ന് കണ്ടെത്തിയതോടെയാണ് ഭൂമി ഇടപാടിൽ അഴിമതിയാരോപണം ഉയർന്നത്.

സംഭവത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ വച്ച് നടത്തിയ പരിശോധനയിൽ അഴിമതിയാരോപണം ശരിവച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചാമുണ്ണി, ഇദ്ദേഹത്തിന്റെ ബന്ധുവും സംഘം ഓണററി സെക്രട്ടറിയുമായ ആർ.സുരേന്ദ്രൻ എന്നിവർക്കെതിരെ അച്ചടക്ക നടപടിയ്‌ക്ക് പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തു. ഈ നടപടിയെടുക്കൽ ഒഴിവാക്കാൻ ബാലൻ ജില്ലാ സെക്രട്ടറിയേറ്റിൽ ശ്രമം നടത്തിയെങ്കിലും നടപടിയിൽ പാർട്ടി ജില്ലാ ഘടകം എത്തിച്ചേരുകയായിരുന്നു.

പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ചാമുണ്ണിയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. ആർ.സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു. ഇടപാട് എ.കെ ബാലൻ അറിയാതെ നടക്കില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.