മുഖ്യമന്ത്രിയുടെ രാജിയിലുറച്ച് കോണ്‍ഗ്രസ്; സെക്രട്ടറിയേറ്റ് മാര്‍ച്ച് സെപ്റ്റംബര്‍ 6ന്

 

തിരുവനന്തപുരം: മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സിബിഐക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

എംഎല്‍എ ഹോസ്റ്റലിന് മുന്നിലെ ആശാന്‍സ്‌ക്വയറില്‍ നിന്നും രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിലെത്തും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, മുന്‍ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന്‍ എംപി തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കും.

കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, കെപിസിസി അംഗങ്ങള്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലം വരെയുള്ള മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരക്കും.

Comments (0)
Add Comment