ദേശീയ പതാകയെ അപമാനിച്ച ബിജെപി മന്ത്രിയുടെ രാജിക്കായി കർണാടക നിയമസഭയില്‍ കോൺഗ്രസിന്‍റെ രാപ്പകല്‍ സമരം

Friday, February 18, 2022

കർണാടക : ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച സംസ്ഥാന ഗ്രാമ വികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് കോൺഗ്രസ് എംഎല്‍എമാരുടെ രാപ്പകല്‍ സമരം. ഇന്ത്യയുടെ ദേശീയ പതാകയായി ഭാവിയില്‍ കാവിക്കൊടി ഉയരുമെന്ന്  ഈശ്വരപ്പയുടെ പരാമർശത്തിന് പിന്നാലെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു.

ദേശീയ പതാകയെ അപമാനിച്ച മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും മന്ത്രിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും  ആവശ്യപ്പെട്ടാണ് കോൺഗ്രസ് എംഎല്‍എമാരുടെ രാപ്പകല്‍ സമരം. ഈശ്വരപ്പയ്ക്കെതിരെ നടപടി ഉണ്ടാകും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. ഗവര്‍ണരും മുഖ്യമന്ത്രിയും ഈശ്യരപ്പയുടെ രാജി ആവശ്യപ്പെടുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമരത്തില്‍ നിന്ന് പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള സ്പീക്കറുടെ നീക്കം പാളിയിരുന്നു.
നിയമസഭയിലും പുറത്തും ഈശ്വരപ്പയുടെ രാജിക്കായി സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.