തൊഴിലുറപ്പ് അട്ടിമറിക്കെതിരെ കോൺഗ്രസ് പടയൊരുക്കം; രാജ്ഭവന് മുന്നിൽ നാളെ രാപ്പകൽ സമരം

Jaihind News Bureau
Monday, January 12, 2026

ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് രണ്ടാംഘട്ട സമരത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി നാളെ ഗവർണറുടെ വസതിക്ക് മുന്നിൽ 24 മണിക്കൂർ നീളുന്ന രാപ്പകൽ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി സമരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമായാണ് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതെന്നും അദ്ദേഹം മലപ്പുറത്ത് ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ബാധ്യത കോൺഗ്രസ് നേതാക്കൾക്കില്ലെന്ന് അനിൽകുമാർ വ്യക്തമാക്കി. രാഹുലിനെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിയമസഭയിൽ വന്നാൽ മാത്രമേ പാർട്ടി ഔദ്യോഗിക നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് പാർട്ടി തീരുമാനം.