സമൂഹമാധ്യമങ്ങളില്‍ നിന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നു; ആരോപണവുമായി കോൺഗ്രസ്

Wednesday, April 17, 2024

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോൺഗ്രസ്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതായാണ് ആരോപണം. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേയ്റ്റ് ആണ്  ആരോപണം ഉന്നയിച്ചത്.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ എക്സില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്ന് സുപ്രിയ ശ്രിനേയ്റ്റ് ചൂണ്ടിക്കാട്ടി.  ഇലക്ട്രൽ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക സമരം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകളാണ് നീക്കം ചെയ്യുന്നത്. നേരത്തെ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങളെ അടക്കം തങ്ങളുടെ അധികാരമുപയോഗിച്ച് വരുതിയിലാക്കി വച്ചിരിക്കുകയാണെന്ന  വാദം പ്രതിപക്ഷമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി സുപ്രിയ ശ്രിനേയ്റ്റ്  രംഗത്തെത്തിയത്.