Congress House Visit| ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ്; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഭവന സന്ദര്‍ശന പരിപാടി തുടരുന്നു

Jaihind News Bureau
Sunday, September 14, 2025

പത്തനംതിട്ട: കെ.പി.സി.സി. ആവിഷ്‌കരിച്ച ഭവന സന്ദര്‍ശന പരിപാടി പത്തനംതിട്ട നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ തുടരുന്നു. കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭവന സന്ദര്‍ശനം സംഘടിപ്പിക്കുന്നത്.

ജില്ലാ-പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി പത്തനംതിട്ടയിലെ വലംചുഴി, കുരട്ടിമുക്ക് പ്രദേശങ്ങളിലാണ് നിലവില്‍ തുടരുന്നത്. ഭവന സന്ദര്‍ശന വേളയില്‍ ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയമാണ്് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിക്കുന്നതായി ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്‍ പറഞ്ഞു.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടുന്ന ലഘുലേഖകളും പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി ഷുറൂര്‍, ബൂത്ത് പ്രസിഡന്റ് ഹനീഫ് ഇടതുണ്ടില്‍, യൂസഫ് തരകന്‍, സുധീര്‍ എന്നിവരും ഭവന സന്ദര്‍ശനത്തില്‍ പങ്കെടുത്തു.