അമേഠി മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്; സ്മൃതി ഇറാനിയെ 1.6 ലക്ഷം വോട്ടുകള്‍ക്ക് തകർത്ത് കിഷോരി ലാല്‍ ശർമ്മ

Jaihind Webdesk
Tuesday, June 4, 2024

 

ലക്നൗ: ലോക‌്സഭാ തിരഞ്ഞെടുപ്പിൽ അമേഠി പാർലമെന്‍റ് മണ്ഡലത്തില്‍ കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്. 1,67,196 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ കിഷോരി ലാല്‍ ശർമ്മ സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത്. 5,39,228  വോട്ടുകള്‍ നേടിയാണ് കിഷോരി ലാല്‍ ശർമ്മ ഒന്നാം സ്ഥാനത്തെത്തിയത്. 3,72,032 വോട്ടുകള്‍ മാത്രമാണ് സ്മൃതി ഇറാനിക്ക് ലഭിച്ചത്. ബിഎസ്പിയുടെ നാനെ സിംഗ് ചൗഹാനാണ് മൂന്നാം സ്ഥാനത്തുള്ളത്.

ഉത്തർപ്രദേശില്‍ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യാ സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. ബിജെപിയുടെ പരമ്പരാഗതമണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യാ സഖ്യം മുന്നേറി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്‌മൃതി ഇറാനി അമേഠി സീറ്റ് പിടിച്ചത്. 55,120 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 4.13 ലക്ഷം വോട്ടായിരുന്നു ആ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയത്. 2014-ല്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് 46 ശതമാനവും സ്മൃതി ഇറാനിക്ക് 34.39 ശതമാനവും ലഭിച്ചിരുന്നു. 2019-ലാകട്ടെ, സ്മൃതി ഇറാനിക്ക് 49 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 43 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

1981 മുതൽ കോൺഗ്രസ് തുടർച്ചയായി വിജയിച്ച മണ്ഡലമായിരുന്നു അമേഠി. സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും മാറി മാറി മത്സരിച്ച അമേഠിയിൽ 1998-ലാണ് ആദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. 1999-ൽ നടന്ന തിരഞ്ഞെടുപ്പ് മുതൽ അമേഠിയിൽ കോൺഗ്രസ് ആധിപത്യം പുലർത്തുകയായിരുന്നു. 2014-ലെ ബിജെപി തരംഗത്തിൽ പോലും അമേഠി കോൺഗ്രസിനെ കൈവിട്ടില്ല. 2014-ൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് ഒരുലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ല്‍ കൈവിട്ട മണ്ഡലം ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിന്‍റെ കൈ പിടിച്ചിരിക്കുകയാണ്.