എഐസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 2022 സെപ്റ്റംബറോടെ

Jaihind Webdesk
Saturday, October 16, 2021

കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിന്‍റെ പട്ടിക എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് 2021 നവംബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ 5 രൂപ നല്‍കി പട്ടികയില്‍ പേര് ചേര്‍ക്കാം.

2022 ഏപ്രില്‍ 15 ന് മുമ്പായിട്ട്,  സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പേര് നല്‍കിയവരില്‍ യോഗ്യരായവരുടെ പട്ടിക ഡിസിസികള്‍ പ്രഖ്യാപിക്കണം. 2022 ഏപ്രില്‍ 16    മുതല്‍  മേയ്31  വരെ പ്രസിഡന്‍റ് , പ്രൈമറി കമ്മിറ്റികള്‍ , ബ്ലോക്ക് കമ്മിറ്റികള്‍, എന്നിവയുടെ തെരഞ്ഞെടുപ്പ് നടത്തും. കൂടാതെ ബ്ലോക്ക് പ്രസിഡന്‍റുമാരുടേയും, എക്‌സിക്യുട്ടീവ് കമ്മിറ്റികളുടേയും തെരഞ്ഞെടുപ്പിനൊപ്പം, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗത്തേയും തെരഞ്ഞെടുക്കും

2022  ജൂലൈ ഒന്ന് മുതല്‍ ജൂലൈ 20  വരെ ഡിസിസി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രെഷറര്‍, എക്‌സിക്യട്ടീവ് കമ്മിറ്റി എന്നിവയുടെ തെരഞ്ഞെടുപ്പുകള്‍ നടത്തും. 2022 ജൂലൈ  21  മുതല്‍ ഓഗസ്റ്റ് 20  വരെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പുറമേ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യട്ടീവുകളുടേയും എഐസിസി മെമ്പര്‍മാരുടേയും തെരഞ്ഞെടുപ്പുകള്‍ നടത്തും.

2022  ഓഗസ്റ്റ് 21 മുതല്‍  സെപ്റ്റംബര്‍ 20 വരെ എഐസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടേയും മറ്റ് യോഗങ്ങളുടേയും തെരഞ്ഞെടുപ്പ് 2022 ഒക്ടോബറിന് മുന്‍പായിട്ടും നടത്തും.