കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ മേയ് 13,14,15 തീയതികളില്‍ രാജസ്ഥാനിലെ ഉദയ്പ്പൂരില്‍ നടക്കും

Jaihind Webdesk
Monday, April 25, 2022

കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ മേയ് 13,14,15 തീയതികളിലായി രാജസ്ഥാനിലെ ഉദയ്പ്പൂരില്‍ നടക്കും. ചിന്തന്‍ ശബിറില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വിഷയങ്ങള്‍ തയ്യാറാക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആറ് സമിതികള്‍ക്ക് രൂപം നല്‍കി. കേരളത്തില്‍ നിന്നും രമേശ് ചെന്നിത്തല, ഡോ.ശശി തരൂര്‍, ആന്‍റോ ആന്‍റണി, റോജി.എം.ജോണ്‍ എന്നിവര്‍ വിവിധ സമിതികളില്‍ ഇടംപിടിച്ചു.

സംഘടന പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി ചിന്തന്‍ ശിബിര്‍ വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേരുന്ന ചിന്തന്‍ ശിബിര്‍ അടുത്ത മാസം 13,14,15 തീയ്യതികളിലായി ഉദയ്പൂറില്‍ നടക്കുമെന്ന് എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 400-ഓളം നേതാക്കളാകും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുക. രാഷ്ട്രീയകാര്യം, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തിക കാര്യം, സംഘടനകാര്യം, യുവശക്തീകരണം എന്നീ ആറു മേഖലകള്‍ കേന്ദ്രീകരിച്ചാകും ചിന്തന്‍ ശിബിറില്‍ ചര്‍ച്ചകള്‍ നടക്കുക. ഓരോ മേഖലയിലേയും രൂപരേഖ തയ്യാറാക്കുന്നതിനുള്ള സമിതിയെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സമിതിയുടെ കണ്‍വീനര്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ്. ഗുലാം നബി ആസാദ്, അശോക് ചവാന്‍, എന്‍.ഉത്തംകുമാര്‍ റെഡ്ഡി, ശശി തരൂര്‍, ഗൗരവ് ഗോഗോയി, പവന്‍ ഖേര, ഡോ.രാഗിണി നായിക് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സാമൂഹിക നീതിയും ശാക്തീകരണവും എന്ന വിഷയത്തിലുള്ള സമിതിയുടെ കണ്‍വീനര്‍ സല്‍മാന്‍ ഖുര്‍ഷിദാണ്. മീരാകുമാര്‍, ദിഗ്‌വിജയ് സിംഗ്, കുമാരി ഷെല്‍ജ, സുഖീന്ദര്‍ സിംഗ് രണ്‍ദാവ, നബാം തുക്കി, നരഭായി രത്ത്‌വ, ആന്‍റോ ആന്‍റണി, കെ.രാജു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള രേഖ തയ്യാറാക്കുന്ന സമിതിയുടെ കണ്‍വീനര്‍ പി.ചിദംബരമാണ്. സിദ്ദരാമയ്യ, ആനന്ദ് ശര്‍മ്മ, സച്ചിന്‍ പൈലറ്റ്, മനീഷ് തിവാരി, പ്രൊഫ.രാജീവ് ഗൗഢ, പ്രീതി ഷിന്‍ഡെ, പ്രൊഫ. ഗൗരവ് വല്ലഭ്, സുപ്രിയ ഷിന്‍ഡെ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സംഘടനകാര്യങ്ങള്‍ക്കായുള്ള സമിതിയുടെ കണ്‍വീനര്‍ മുകുള്‍ വാസ്‌നിക്കാണ്. അജയ് മാക്കന്‍, താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, രണ്‍ദീപ് സിംഗ് സുര്‍ജേവാല, അധീര്‍ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

കര്‍ഷകരും കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കുള്ള രേഖ തയ്യാറാക്കുന്ന സമിതിയിയുടെ കണ്‍വീനര്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയാണ്. ടി.എസ്.സിംഗ് ദിയോ, ശക്തി ഗോഹില്‍, നനാ പട്ടോലെ, പ്രതാപ് സിംഗ് ബജ്‌വ, അരുണ്‍ യാദവ്, ഡോ.അഖിലേഷ് പ്രസാദ് സിംഗ്, ഗീത ഖോര, അജയ്കുമാര്‍ ലല്ലു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

യുവാക്കളും ശാക്തീകരണവും എന്നവിഷയത്തിലുള്ള രേഖ തയ്യാറാക്കുന്ന സമിതിയുടെ കണ്‍വീനര്‍ അരമീന്ദര്‍ സിംഗ് വാറിംഗാണ്. ബി.വി.ശ്രീനിവാസ്, നീരജ് കുന്ദന്‍, കൃഷ്ണ ബേരഗൗഢ, കൃഷ്ണ അലവരു, അല്‍ക്ക ലാമ്പ, റോജി എം.ജോണ്‍, അഭിഷേക് ദത്ത്, കൃഷ്മ താക്കൂര്‍, ഡോ.അന്‍കിത ദത്ത എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.