സമഗ്ര മാറ്റം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ചിന്തന്‍ ശിവിർ 13ന്; വിവിധ സമിതികളുടെ യോഗം ഇന്ന്

Sunday, May 8, 2022

 

ന്യൂഡല്‍ഹി : പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും സമഗ്ര ചര്‍ച്ചകള്‍ക്കുമായി സംഘടിപ്പിക്കുന്ന കോൺഗ്രസ് ചിന്തൻ ശിവിറിന് 13ന് തുടക്കമാകും. ചിന്തന്‍ ശിവിറിന് മുന്നോടിയായി വിവിധ സമിതികൾ ഇന്ന് യോഗം ചേരും. പല മേഖലകളിലായി രൂപീകരിച്ച ആറ് സമിതികളാണ് യോഗം ചേരുന്നത്. ഇന്നത്തെ യോഗശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും. നാളെ സമിതി അധ്യക്ഷൻമാരുമായി സോണിയാ ഗാന്ധി ചർച്ച നടത്തിയാകും ചിന്തൻ ശിവിർ അജണ്ടയ്ക്ക് അന്തിമ രൂപം നൽകുക. അജണ്ട ചർച്ച ചെയ്യാനുള്ള പ്രവർത്തക സമിതി തിങ്കളാഴ്ച ചേരും.

ചിന്തന്‍ ശിവിറില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ആറ് സമിതികളാണ് യോഗം ചേരുന്നത്. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജന ക്ഷേമം, കാര്‍ഷിക മേഖല ഇങ്ങനെ ആറ് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാകും ചര്‍ച്ചകള്‍. രാജസ്ഥാനിലെ ഉദയ്പൂരില്‍ 13 മുതല്‍ 15 വരെയാണ് നിര്‍ണായകമായ ചിന്തന്‍ ശിവിര്‍ ചേരുന്നത്.